കുവൈറ്റ് സിറ്റി> ലോകപ്രശസ്ത സരോദ് വിദ്വാൻ പദ്മവിഭൂഷൻ ഉസ്താദ് അംജദ് അലി ഖാനും മക്കളായ അമാൻ അലി ഖാൻ ബംഗഷും അയാൻ അലി ഖാൻ ബംഗഷും അവതരിപ്പിച്ച സംഗീത കച്ചേരി കുവൈറ്റിലെ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായി. മിഷ്റഫിലെ ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഗീതക്കച്ചേരി അരങ്ങേറിയത്.
ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്തത്തില്‍ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ (ഐബിപിസി) സംഘടിപ്പിച്ച പരിപാടി മൂവരുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും അനായാസമായ കലാവൈദഗ്ധ്യത്തിന്റെയും പ്രകടനം കൊണ്ട് ശ്രദ്ധേയമായി. മൂവരുടെയും സംഗീത വിരുന്നിനു മാറ്റു കൂട്ടാൻ അനുബ്രത ചാറ്റർജി തബലയിൽ പിന്തുണ നൽകി.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഐബിപിസി ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ സ്വാഗതം ആശംസിച്ചു . വൈസ് ചെയർമാൻ കൈസർ ടി ഷാക്കിർ, സെക്രട്ടറി സോളി മാത്യു, ജോയിൻ സെക്രട്ടറി സുരേഷ് കെ പി, ട്രഷറർ സുനിത് അറോറ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30-ലധികം അംബാസഡർമാർ, നയതന്ത്രജ്ഞർ, എന്നിവരുൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.