ലൊസ് ആഞ്ചലസ്
ഓസ്കർ വേദിയിൽ ഇന്ത്യക്ക് ഇരട്ടനേട്ടം. ‘ആർആർആർ’ സിനിമയിലെ ‘നാട്ടു നാട്ടു’ ഗാനത്തിലൂടെ ആദ്യമായി ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം ഇന്ത്യൻ സിനിമയെ തേടിയെത്തി. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ‘ദ എലഫന്റ് വിസ്പറേഴ്സ്’ മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായും തെരഞ്ഞെടുക്കപ്പെട്ടു. തിങ്കൾ പുലർച്ചെ ലൊസ് ആഞ്ചലസിലായിരുന്നു തൊണ്ണൂറ്റഞ്ചാം ഓസ്കർ അവാർഡ് വിതരണം.
നാട്ടു നാട്ടുവിന് സംഗീതം പകർന്ന എം എം കീരവാണിയും വരികൾ എഴുതിയ ചന്ദ്രബോസും ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്. ലോകത്തിന്റെ നെറുകയിൽ എത്തിയ അനുഭവമെന്നായിരുന്നു കീരവാണിയുടെ പ്രതികരണം. ഇതിനുമുമ്പ് ഇംഗ്ലീഷ് ചിത്രം സ്ലം ഡോഗ് മില്യണയറിലൂടെ എ ആർ റഹ്മാൻ–- ഗുൽസാർ ജോഡി ഈ നേട്ടം കൈവരിച്ചിരുന്നു.
എലഫന്റ് വിസ്പറേഴ്സിനുവേണ്ടി സംവിധായിക കാർത്തികി ഗോൺസാൽവേസ്, നിർമാതാവ് ഗുനീത് മോംഗ എന്നിർ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരവേദിയിൽ നാട്ടു നാട്ടു പാട്ടിന്റെ തത്സമയ അവതരണവുമുണ്ടായി. ഗാനത്തെ സദസ്സിന് പരിചയപ്പെടുത്തുന്ന അവതാരകയായി നടി ദീപിക പദുകോൺ എത്തിയതും മറ്റൊരു അംഗീകാരമായി.
ഇതുൾപ്പെടെ ജേതാക്കളിൽ ഭൂരിപക്ഷവും ആദ്യമായി ഓസ്കർ നേടുന്നവരാണ്. അമേരിക്കൻ സിനിമ ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’ മികച്ച ചിത്രമായി. ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനർട്ട് എന്നിവരാണ് സംവിധായകർ. മികച്ച സംവിധാനം, ചിത്രം, നടി, സഹനടൻ, സഹനടി, എഡിറ്റിങ്, തിരക്കഥ എന്നിങ്ങനെ ഏഴ് അവാർഡ് ചിത്രം വാരിക്കൂട്ടി. അറുപതുകാരിയായ മിഷേൽ യോയാണ് മികച്ച നടി. മലേഷ്യയിൽ ജനിച്ച ഇവർ ഇതോടെ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ നടിയായി. ‘ദ വെയ്ൽ’ ചിത്രത്തിലെ പ്രകടനത്തിന് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കേ ഹുയീ ക്വാൻ, ജേമീ ലീ കേർട്ടിസ് എന്നിവരാണ് മികച്ച സഹനടനും സഹനടിയും. ജർമൻ ചിത്രം ‘ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’ മികച്ച ഒറിജിനൽ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ, ഇന്റർനാഷണൽ ഫീച്ചർ ഫിലിം, ഛായാഗ്രഹണം എന്നീ അവാർഡുകൾ നേടി.