ന്യൂഡൽഹി
അച്ചടക്ക ലംഘനത്തിന് കെ മുരളീധരനും എം കെ രാഘവനും കെപിസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കോൺഗ്രസിൽ അടി രൂക്ഷമായി. കെ സുധാകരനു കീഴിൽ കേരളത്തിലെ കോൺഗ്രസ് കുത്തഴിഞ്ഞെന്നും അതിനാൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ട് ഏഴ് എംപിമാർ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു. കെപിസിസി നേതൃത്വം മുതിർന്ന നേതാക്കളോടുപോലും സംഘടനാ മര്യാദ കാണിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇനിയൊരു തെരഞ്ഞെടുപ്പിന് മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചു. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാരാണ് വേണുഗോപാലിനെ കണ്ട് സുധാകരനെ മാറ്റണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടത്. നേരത്തേയും എംപിമാർ ഈയാവശ്യം ഹൈക്കമാൻഡ് മുമ്പാകെ വച്ചിരുന്നു.
പ്രസിഡന്റെന്ന നിലയിൽ സുധാകരന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കെ സുധാകരൻ രണ്ട് എംപിമാർക്ക് നോട്ടീസ് നൽകിയത്. അതിനാൽ മറുപടി നൽകില്ല. മുരളീധരനും രാഘവനും എഐസിസി അംഗങ്ങളാണ്. ഇവർക്കെതിരെ നടപടിക്ക് അധികാരം എഐസിസിക്ക് മാത്രമാണ്. സുധാകരന്റെ നോട്ടീസ് കീഴ്വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്. സുധാകരൻ ഇപ്പോൾ നടത്തിവരുന്ന പുനഃസംഘടനാ നടപടികൾ തികച്ചും ഏകപക്ഷീയമാണ്. ആ പട്ടിക റദ്ദാക്കണമെന്നും വേണുഗോപാലിനെ കണ്ട എംപിമാരുടെ സംഘം അറിയിച്ചു.
അതിനിടെ ചെന്നിത്തലയും എം എം ഹസനും കെപിസിസി കാരണം കാണിക്കൽ നോട്ടീസിനെ വിമർശിച്ച് രംഗത്തെത്തി. എഐസിസി അംഗങ്ങളിൽനിന്ന് കെപിസിസി വിശദീകരണംതേടുന്ന പതിവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇരുവർക്കുമെതിരെ കൈക്കൊണ്ട നടപടി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് എം എം ഹസനും വ്യക്തമാക്കി.
അങ്കം മുറുകി; നേതൃത്വം
അങ്കലാപ്പിൽ
പരസ്യപ്രസ്താവനയുടെ പേരിൽ കെപിസിസി നൽകിയ നോട്ടീസിനെച്ചൊല്ലി കോൺഗ്രസിൽ പോര് കടുത്തതോടെ നേതൃത്വം അങ്കലാപ്പിൽ. കേരളത്തിൽ സംഘടന കുത്തഴിഞ്ഞിരിക്കുകയാണെന്നും മുതിർന്ന അംഗങ്ങളോടുപോലും സംഘടനാമര്യാദ ഇല്ലാതെയാണ് നേതൃത്വം പെരുമാറുന്നതെന്നും എതിർപക്ഷം എഐസിസിക്ക് പരാതി നൽകി.
എടുത്തുചാടി നോട്ടീസ് നൽകിയത് അച്ചടക്കലംഘനം നടത്തിയവർക്ക് തിരിച്ചടിക്കാൻ വടിനൽകിയതിന് തുല്യമായിപ്പോയെന്ന് നേതൃത്വത്തോട് ഒപ്പമുള്ളവർതന്നെ കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കെ സുധാകരനെ ധൃതിപിടിച്ച് മാറ്റില്ലെന്ന് ഔദ്യോഗികവിഭാഗം കരുതുന്നു. കെ സി വേണുഗോപാലിന്റെ പിന്തുണയുള്ളതും ഇവർക്ക് കരുത്താണ്. എന്നാൽ, കൈവിട്ടുപോകുന്ന തരത്തിലേക്ക് പ്രതിസന്ധി വളർന്നാൽ എഐസിസിക്ക് പേരിനെങ്കിലും നടപടിയെടുക്കേണ്ടിവരും.
ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രഖ്യാപനം ഈ തരത്തിലാണ് നേതൃത്വം കാണുന്നത്. മത്സരിക്കാത്ത മുരളീധരൻ സംഘടനാരംഗത്ത് സുധാകരന് വെല്ലുവിളിയുമാകും. നോട്ടീസ് വാർത്ത പുറത്തുവന്നതുമുതൽ ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ മുരളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്തനീരസം നേതൃതലത്തിൽത്തന്നെ ഉള്ളപ്പോൾ ഈ പിന്തുണ മുരളീധരനെ കൂടുതൽ ശക്തനാക്കുന്നു. ഉമ്മൻചാണ്ടിയെപ്പോലെ ഒരാൾ രോഗശയ്യയിലിരിക്കെ കൊടുത്ത പേരുകൾപോലും അംഗീകരിക്കാൻ തയ്യാറായില്ലെന്നത് വൈകാരികമായാണ് നേതാക്കളും അണികളും കാണുന്നത്.
അച്ചടക്കലംഘനമായി കെപിസിസി നേതൃത്വം കാണുന്ന, പി ശങ്കരൻ അനുസ്മരണ പരിപാടിയിലെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുകയാണ് എം കെ രാഘവൻ. മുമ്പ് ഇതിലും രൂക്ഷമായി പ്രതികരിച്ചവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കുമോ എന്ന രാഘവന്റെ ചോദ്യത്തിന് സുധാകരന് ഉത്തരമില്ല. ഡിസിസി, ബ്ലോക് തല പുനഃസംഘടനയും കെപിസിസി ഭാരവാഹി പ്രഖ്യാപനവും നടക്കാനിരിക്കുന്നതുകൊണ്ടാണ് ഇതുവരെ പലരും പരസ്യമായി പ്രതികരിക്കാതിരുന്നത്.