കൊച്ചി> ബ്രഹ്മപുരത്തെ അവസാന കനലും അണച്ച് ടീം കേരളം. രക്ഷാപ്രവർത്തനത്തിന്റെ 12-ാംദിനം പുകയും അടക്കി. തിങ്കൾ വൈകിട്ട് അഞ്ചിന് അഗ്നി രക്ഷാസേന ദൗത്യം വിജയകരമായി അവസാനിപ്പിച്ചു. സംസ്ഥാനസർക്കാർമുതൽ സാധാരണക്കാരടങ്ങുന്ന സിവിൽഡിഫൻസ് സേനാംഗങ്ങൾവരെ ഒരേ മനസ്സോടെ, നിശ്ചയദാർഢ്യത്തോടെ നടത്തിയ പ്രവർത്തനമാണ് വിജയത്തിലെത്തിയത്.
തിങ്കളാഴ്ച അഗ്നി രക്ഷാസേനയ്ക്ക് മുന്നിലുണ്ടായിരുന്നത് രണ്ട് സെക്ടറുകളിലെ പുക. അതിനകം ഏഴ് സെക്ടറുകളിലെ പുക ശമിപ്പിച്ചിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ ശേഷിക്കുന്നതും നീക്കുകയെന്ന ലക്ഷ്യത്തോടെ, കരുത്തോടെ 18 അഗ്നി രക്ഷാസേന യൂണിറ്റുകളും ഊർജിതമായി മുന്നോട്ട്. മൂന്ന് ഹൈ പ്രഷർ പമ്പുകളും 22 എസ്കവേറ്ററുകളും തുടർച്ചയായി ഉപയോഗിച്ചു. ഒടുവിൽ വൈകിട്ടോടെ ലക്ഷ്യം നേടി. പിന്നാലെ അഗ്നി രക്ഷാസേനയെ തേടിയെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. വരും ദിവസങ്ങളിൽ അഗ്നി രക്ഷാസേനയുടെ 25 പേരടങ്ങുന്ന ടീം സ്ഥലത്തുണ്ടാകും.
രക്ഷാപ്രവർത്തനം വിജയിച്ചത് അന്തരീക്ഷത്തിലും പ്രകടമായി. പുകയുടെ സാന്നിധ്യം കുറഞ്ഞു. വായുവിലെ രാസ ബാഷ്പ മാലിന്യത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി. പുകമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ചികിത്സ ഉൾപ്പെടെ ലഭ്യമാക്കൻ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ആരോഗ്യസർവേ ആരംഭിക്കും.