തൃശൂർ> വസ്തുതകൾക്ക് നിരക്കാത്ത വായ്ത്താരികളുമായി വീണ്ടും സുരേഷ് ഗോപി. തൃശൂർ നിയമസഭാ മണ്ഡലത്തിലും ലോക്സഭാ മണ്ഡലത്തിലും മത്സരിച്ച് ജനം തമസ്കരിച്ച നടൻ സുരേഷ്ഗോപിയാണ് വീണ്ടും തൃശൂരിനെ എടുക്കുമെന്ന് ബിജെപി റാലിയിൽ പ്രസംഗിച്ചത്. തൃശൂർ സീറ്റ് ഉറപ്പിക്കാനുള്ള ആക്ഷൻ പ്ലാനായിരുന്നു ഇതെന്നാണ് ബിജെപിയിലെ ഒരു ചേരി വിലയിരുത്തുന്നത്.കഴിഞ്ഞ തവണ കടുത്ത വർഗീയത പറഞ്ഞിട്ടും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മൂന്നാംസ്ഥാനത്താണ്. നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികൾ കുഴൽപ്പണമിറക്കിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രസംഗത്തിൽ സുരേഷ്ഗോപി അധിക്ഷേപിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ച്, രാജ്യസഭാ എംപിയായിരിക്കേ തൃശൂരിന്റെ വികസനത്തിന് ഒന്നും ചെയ്യാതെ നടന്നത് നാട് അംഗീകരിക്കില്ലെന്ന് തുറന്നുപറഞ്ഞതാണ് സുരേഷ്ഗോപിയെ പ്രകോപിപ്പിച്ചത്. ശക്തൻ മാർക്കറ്റ് വികസനത്തിന് ഒരു കോടി പ്രഖ്യാപിച്ചത് പാഴ്വാക്കായതിനും നടന് മറുപടിയില്ല.
ശക്തൻ തമ്പുരാൻ സ്മൃതി കുടീരത്തിലെ പുഷ്പാർച്ചനയിൽ പങ്കെടുക്കാതെ അമിത് ഷാ തേക്കിൻകാട് മൈതാനിയിലെത്തി ഏറെനേരം കഴിഞ്ഞാണ് സ്വയം സ്ഥാനാർഥി ചമഞ്ഞ് സുരേഷ് ഗോപി വേദിയിലത്തിയത്. സംസ്ഥാന നേതാക്കളെയെല്ലാം വെല്ലുവിളിച്ച്, മത്സരിക്കാൻ അനുവാദം തരേണ്ടത് മോദിയും അമിത് ഷായുമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.