ന്യൂഡൽഹി> പെട്രോളിയം ഉൽപന്നങ്ങളുടെ തീരുവ, പ്രത്യേക തീരുവ, സെസ്, ലാഭവിഹിതം എന്നിങ്ങനെ ഇനങ്ങളിൽ 2020– 21ൽ കേന്ദ്രസർക്കാരിന് ലഭിച്ചത് 4.92 ലക്ഷം കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഈയിനത്തിൽ ലഭിച്ചത് 2.82 ലക്ഷം കോടി മാത്രം. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പെട്രോളിയം മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്..
2017-18 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര പെട്രോളിയം തീരുവയിൽ 50 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2017-18 ൽ ഈയിനത്തിൽ ലഭിച്ചത് 3,36,163 കോടി രൂപയായിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തിയാൽ വില കുറയുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
കേന്ദ്രത്തിന് പെട്രോളിയം ഉൽപന്നങ്ങളുടെ വിവിധ തരം തീരുവകളിൽനിന്നുള്ള വരുമാനം ഓരോ വർഷവും വൻതോതിൽ വർധിച്ചുവരികയാണ്. നടപ്പ് സാമ്പത്തികവർഷം ഡിസംബർ വരെ കേന്ദ്രത്തിന് 3.07 ലക്ഷം കോടി രൂപ ലഭിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ വരുമാനം ഇതേ തോതിൽ വർധിക്കുന്നില്ല.