റിയാദ് > എല്ലാ വർഷവും മാർച്ച് 11 “പതാക ദിനം” എന്ന പേരിൽ രാജ്യത്ത് ആചരിക്കാൻ സൗദി ഭരണാധികാരിയും സൽമാൻ രാജാവ് ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിൽ രാജ്യം ഇന്നലെ ആദ്യമായി പതാക ദിനം ആചരിച്ചു. വാരാന്ത്യ അവധി ദിവസമായിട്ടും എല്ലാ ഡിപ്പാർട്ടുമെന്റുകളും പതാക ദിനാചരണത്തിൽ പങ്കുകൊണ്ടു. റോഡുകളും നിരത്തുകളും രാജ്യത്തിന്റെ പതാക കൊണ്ട് പച്ചവർണ്ണം തീർത്തു. ഇന്നലെ വാരാന്ത്യ അവധി ദിനമായതിനാൽ കലാലയങ്ങളിൽ ഇന്നാണ് പതാക ദിനം ആഘോഷിക്കുന്നത്. റിയാദ് സിറ്റി ബൊളിവാർഡും ബൊളിവാർഡ് വേൾഡും പച്ച പതാകയെ ഓർമ്മിപ്പിച്ചു കൊണ്ടും അതിൽ അഭിമാനം കൊണ്ടും വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
പതാക ദിനത്തോടനുബന്ധിച്ച് സൗദി ശൂറാ കൗൺസിൽ സ്പീക്കർ ഷെയ്ഖ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ഷെയ്ഖ്, സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ തന്റെ പേരിലും കിഴക്കൻ പ്രവിശ്യയിലെ ജനങ്ങൾക്ക് വേണ്ടിയും സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സുഊദ് രാജാവിനും കിരീടാവകാശിക്കും പതാക ദിനത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.