തിരുവനന്തപുരം
വിജയകഥകളും അനുഭവങ്ങളും പങ്കുവച്ച് അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഞ്ഞൂറിലധികം വനിതാ സംരംഭകരുടെ ഒത്തുചേരൽ . സംസ്ഥാനത്തെ സംരംഭക സൗഹാർദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഈ ഒത്തുചേരൽ. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയിൽ 43,000 ൽ അധികം വനിതകൾ പുതിയ സംരംഭങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. സ്ത്രീകൾ തൊഴിൽ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തിൽ പ്രധാനമാണെന്ന് സംഗമം ഉദ്ഘാടനംചെയ്ത മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കായി വനിതാ വികസന വകുപ്പ് തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലയിലും പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി.
പിഎംഎഫ്എംഇ പ്രൊമോഷണൽ ഫിലിമിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വി കെ പ്രശാന്ത് എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ ഡയറക്ടർ എസ് ഹരികിഷോർ, കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം വി ലൗലി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ വി ആർ സിമി ചന്ദ്രൻ, വിവിധ സംഘടനകളുടെ ഭാരവാഹികളായ അപർണ പൊതുവാൾ, ബിൻസി ബേബി, രശ്മി മാക്സിം, സപ്ന ജോർജ് എന്നിവർ സംസാരിച്ചു.
തുടർന്ന് ‘വനിതാ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ ‘ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ് ഷീബ, തൃശൂർ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി സ്മിത എന്നിവർ മോഡറേറ്റർമാരായി. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെഎസ്ഐഡിസി, കെ-ബിപ്, ഒഎൻഡിസി എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്ക് സേവനം നൽകുന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.