തിരുവനന്തപുരം
2014ന് മുമ്പ് ഹയർ ഓപ്ഷൻ കൊടുക്കാനാകാത്ത, ഹൈക്കോടതി വിധി നേടി ഉയർന്ന പെൻഷൻ വാങ്ങിയവരിൽനിന്ന് ഇപിഎഫ്ഒ തുക തിരിച്ചുപിടിച്ചു തുടങ്ങി. കോടതി വിധിയിലൂടെ ഉയർന്ന പെൻഷൻ വാങ്ങുന്നവരിൽനിന്ന് അതത് കോടതികളുടെ നിർദേശമുണ്ടെങ്കിലേ തുക തിരിച്ചുപിടിക്കൂവെന്ന് ഇപിഎഫ്ഒ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഒരു കോടതിയുടെയും നിർദേശമില്ലാതെ തുക പിടിച്ചു.
ഇതുവരെ ഇപിഎഫ്ഒ കണക്കിലെടുക്കാത്ത പഴയ വ്യവസ്ഥ പുനഃസ്ഥാപിച്ചാണ് പെൻഷൻകാരെ വെട്ടിലാക്കിയത്. 1952-ലെ ഇപിഎഫ്ഒ പദ്ധതി പ്രകാരം, പ്രോവിഡന്റ് ഫണ്ടിലേക്ക് നിയമപരമായി വ്യവസ്ഥ ചെയ്ത ഉയർന്ന പരിധിക്കു പകരം, യഥാർഥ അടിസ്ഥാന ശമ്പളത്തിന്മേലുള്ള ഉയർന്ന വിഹിതം സമർപ്പിക്കാൻ, ജീവനക്കാരും തൊഴിലുടമയും സംയുക്തമായി മുൻകൂട്ടി അപേക്ഷ നൽകണമെന്നായിരുന്നു നിബന്ധന. പിന്നീട്, പിഎഫ് വിഹിതം സമർപ്പിക്കാനുള്ള ഉയർന്ന പരിധി സർക്കാർ വർധിപ്പിച്ചു. 2001 ജൂൺവരെ വിഹിതത്തിനുള്ള ഉയർന്ന പരിധി 5000 രൂപയായിരുന്നു. തുടർന്ന് 6500 ആയും 2014 സെപ്തംബറിൽ 15,000 രൂപയായും ഉയർത്തി. പിഎഫ് വിഹിതത്തിൽ ഉയർന്ന പരിധി നിലവിലുണ്ടായിരുന്നെങ്കിലും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വിഹിതം തൊഴിലുടമയുടെ പങ്കിനൊപ്പം പിഎഫിലേക്ക് നൽകാൻ കഴിഞ്ഞിരുന്നു. പക്ഷേ, ഇത് ഇപിഎഫ്ഒയിൽനിന്ന് മുൻകൂറായി ജീവനക്കാരനും തൊഴിലുടമയും അനുമതി വാങ്ങിയാലേ സാധിക്കുകയുള്ളൂവെന്നാണ് ഇപ്പോഴത്തെ വാദം. ഇത്രകാലം തഴഞ്ഞ, ഖണ്ഡിക 26(6)-ലെ വ്യവസ്ഥപ്രകാരം സർവീസ് കാലാവധിയിലെ അവസാന അഞ്ചുവർഷത്തെ യഥാർഥ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിക്ക് ആനുപാതികമായ പെൻഷൻ ലഭിക്കുന്നതിൽനിന്ന് തടയലാണ് ഇതിന്റെ ലക്ഷ്യം.