തിരുവനന്തപുരം
കെ സുധാകരൻ കെപിസിസി പ്രസിഡന്റായശേഷം പാർടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ രൂക്ഷ വിമർശം. കൊടിക്കുന്നിൽ സുരേഷാണ് സുധാകരനെതിരെ ആഞ്ഞടിച്ചത്. സുധാകരൻ സമ്പൂർണ പരാജയമാണെന്നായിരുന്നു കൊടിക്കുന്നിലിന്റെ വിമർശം. ഡിസിസി, ബ്ലോക്കുതല പുനഃസംഘടന പ്രതിസന്ധിയിലായത് നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ ആയുധമാക്കി. പട്ടിക കൈമാറാനുള്ള കാലാവധി അവസാനിച്ചിട്ടും പല ഡിസിസികളും പട്ടിക നൽകിയിട്ടില്ല. മൂന്ന് ഡിസിസികൾ മാത്രമാണ് നൽകിയത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കാലാവധിയില്ലെന്നും ഇത് കോൺഗ്രസാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
കെപിസിസിയിൽ കൂടിയാലോചന നടക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ എം കെ രാഘവൻ എംപിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം. കെപിസിസി യോഗത്തിലും ചില നേതാക്കൾ ഇതുന്നയിച്ചു. എഐസിസി തള്ളിയ 60 അംഗ പട്ടിക സംബന്ധിച്ചും യോഗത്തിൽ വിമർശമുണ്ടായി.
സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന സമരം ജനം ഏറ്റെടുത്തിട്ടില്ലെന്ന വിമർശവും ഉയർന്നു. മുഖ്യമന്ത്രിക്കെതിരെ തങ്ങൾ നടത്തുന്ന സമരം മാധ്യമങ്ങൾ ഏറ്റെടുക്കണമെന്ന ആഹ്വാനം സുധാകരൻ പരസ്യമായി നൽകി. തങ്ങൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രി തലയുയർത്തി കേരളത്തിൽ നടക്കുകയാണ്. ഇത് അനുവദിക്കാതിരിക്കാൻ മാധ്യമങ്ങൾ പ്രതിപക്ഷവുമായി സഹകരിക്കണം. സമരം പരാജയപ്പെട്ടുവെന്നതിന്റെ തുറന്നുപറച്ചിൽ കൂടിയാണിത്. 13 ന് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വാർത്താസമ്മേളനത്തിലൊരിടത്തും കേന്ദ്രത്തിനും ബിജെപിക്കുമെതിരെ വിമർശമുന്നയിക്കാൻ സുധാകരൻ തയ്യാറായില്ല. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം 30ന് കോട്ടയത്ത് നടക്കുമെന്നും ഇതിന് മുന്നോടിയായി നാല് ജാഥകൾ സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.