കഞ്ചിക്കോട്
മാരകായുധങ്ങളുമായെത്തിയ കവർച്ച സംഘം ദേശീയപാതയിൽ കാറുകൾ കുറുകെയിട്ട് ഫർണിച്ചർ കയറ്റിയ മിനിലോറി തട്ടിയെടുത്തു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും കാറിൽ പിടിച്ചുകയറ്റി മർദിച്ച് അവശരാക്കി രണ്ടിടങ്ങളിലായി റോഡിൽ തള്ളിയിട്ടു. ബുധൻ പുലർച്ചെ 4.30ന് ദേശീയപാത റെയിൽവേ സ്റ്റേഷൻ ജങ്ഷനിലാണ് സംഭവം. തൃശൂർ വരന്തരപള്ളി സ്വദേശികളായ ഹാഷിഫ് (34), നൗഷാദ്(46) എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവർ ബംഗളൂരുവിൽ നിന്നു കുന്നംകുളത്തേക്ക് ലോഡുമായി പോവുകയായിരുന്നു. പിന്നാലെ എത്തിയ ഒരു കാറും സർവീസ് റോഡിൽനിന്ന് കയറിയ കാറും ഉപയോഗിച്ചാണ് ലോറി തടഞ്ഞത്. കാറിൽനിന്ന് ആയുധങ്ങളുമായി ഇറങ്ങിവർ ഇരുവരെയും റോഡിലേക്ക് വലിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും പഴ്സും പണവും എടിഎം കാർഡുകളും ആക്രമി സംഘം കവർന്നു. ഹാഷിഫിനെ വടക്കഞ്ചേരിയിലും നൗഷാദിനെ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപവുമാണ് റോഡിൽ തള്ളിയിട്ടത്. ഹാഷിഫാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇവർക്ക് കൈകാലുകൾക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
അന്വേഷണത്തിൽ മിനിലോറി തൃശൂർ പുതുക്കാട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഴൽപ്പണക്കടത്തു സംഘത്തെ ആക്രമിക്കുന്ന കവർച്ച സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പുതുക്കാടുനിന്ന് കണ്ടെത്തിയ മിനിലോറിയിൽ പണമോ രേഖകളോ സൂക്ഷിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
പത്തോളം പേരടങ്ങുന്ന ആക്രമി സംഘം രണ്ടു കാറുകളിലായാണ് എത്തിയതെന്നും ഇവർ എല്ലാവരും തുണികൊണ്ട് മുഖം മൂടിയാണ് പുറത്ത് ഇറങ്ങിയതെന്നും ആക്രമിക്കപ്പെട്ടവർ മൊഴിനൽകി. മറ്റൊരു യാത്രക്കാരൻ പകർത്തിയതെന്ന് സംശയിക്കുന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാളയാർ ഇൻസ്പെക്ടർ എ അജീഷ്, എസ്ഐ എച്ച് ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.