വർക്കല
പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങി അപകടമുണ്ടായ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. അനുമതിയില്ലാതെയാണ് പാരാഗ്ലൈഡിങ് കമ്പനി പ്രവർത്തിച്ചത് എന്നാണ് പ്രാഥമിക വിവരം. കമ്പനി ഉടമകൾ ഒളിവിലാണ്. പരിശീലകൻ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് (30), സഹായികളായ ഒറ്റൂർ മൂങ്ങോട് പൗർണിമയിൽ ശ്രേയസ് (27), വക്കം പുളിവിളാകം സിന്ധു ഭവനിൽ പ്രഭുദേവ് (31) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ്ചെയ്തത്. ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും.
ചൊവ്വ വൈകിട്ട് നാലിന് പാപനാശം മെയിൻ ബീച്ചിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റിലാണ് അപകടം. പരിശീലകനും കോയമ്പത്തൂർ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്.അപകടത്തിൽപ്പെട്ടവരെ സാഹസികമായാണ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് താഴെയിറക്കിയത്. 100 അടിയോളം ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ ഇവർ വൻ ദുരന്തത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തോടെ പാപനാശം വിനോദ സഞ്ചാര കേന്ദ്രം 2 മണിക്കൂറോളം മുൾമുനയിലായി. ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇരുവരും ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ പിടിച്ചു കിടന്നത്. വീണ് അപകടമുണ്ടാകാതിരിക്കാൻ അഗ്നിരക്ഷാ ജീവനക്കാർ തൂണിന് ചുറ്റും വലവിരിച്ചു. നഗരസഭ ഓഫീസിലെ സേഫ്റ്റി ലിവർ ഉപയോഗിച്ച് ലൈറ്റ് താഴേക്കിറക്കിയതോടെ പാരാഗ്ലൈഡറിന്റെ ചരടുകൾ പൊട്ടി ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു.
അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് ഡിടിപിസിയുടെ അനുമതിയോടെയാണ് പാപനാശം, ഹെലിപ്പാഡ്, ആലിയിറക്കം എന്നിവിടങ്ങളിൽ പാരാഗ്ലൈഡിങ് നടത്തുന്നത്. കടൽത്തീരത്തിന് മുകളിൽക്കൂടി മാത്രമേ സഞ്ചരിക്കാവൂ എന്നും ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാഗം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എങ്കിലും നല്ല കാറ്റുള്ളപ്പോഴും പരിചയസമ്പന്നരായ പരിശീലകർ അല്ലെങ്കിലും നിയന്ത്രണം തെറ്റാറുണ്ട്. കേരളത്തിന് പുറത്തുള്ളവരാണ് ഇവിടെ പാരാഗ്ലൈഡിങ് നടത്തുന്നത്. ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയുള്ള അപകടം ആദ്യമാണ്.