തൃശൂർ
തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ഇന്ത്യൻ കോഫി ഹൗസുകളുടെ ആസ്ഥാനമായ ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം 35.32 കോടി രൂപ നഷ്ടത്തിൽ. 2021–-22 വർഷത്തെ സംസ്ഥാന സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് നഷ്ടത്തിന്റെ കണക്ക് പുറത്തുവന്നത്. കോൺഗ്രസ്, ബിജെപി കൂട്ടുകെട്ടാണ് സംഘം ഭരിക്കുന്നത്.
ഈ വർഷം മാത്രം കോഫിഹൗസ് 8.21 കോടി രൂപ നഷ്ടത്തിലാണ്. തെക്കൻ ജില്ലകളിലെ മുഴുവൻ കോഫി ഹൗസിലേയും ഭക്ഷണ സാധനങ്ങളുടെ വില 30 ശതമാനംവരെ വർധിപ്പിച്ചിട്ടും നഷ്ടം എട്ടു കോടി കടന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിവിധ ക്രമക്കേടുകളും സംഘത്തിൽ കണ്ടെത്തി. കോഫി ഹൗസ് ശാഖകളിൽ മാനേജർമാരുടെ നേതൃത്വത്തിൽ പണം നൽകിയെന്ന് കാണിച്ച് വാങ്ങുന്ന സാധനങ്ങൾ, കടം വാങ്ങിയെന്ന നിലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാനേജർമാർ വൻകിട സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ കടം വാങ്ങിയശേഷം, സംഘം കണക്കിൽ പണം നൽകിയെന്ന് കാണിച്ച്, ആ പണം മാനേജർമാർ കൈവശം വയ്ക്കുന്നതായും കണ്ടെത്തി. വാങ്ങുന്ന സാധനങ്ങളുടെ പരിശോധനയില്ല.
രജിസ്ട്രാറുടെ അംഗീകാരമില്ലാതെ നിരവധി ഫണ്ടുകളുടെ പേരിൽ ജീവനക്കാരിൽനിന്ന് തുക പിരിച്ചെടുക്കുന്നതായും വ്യക്തമായി. യോഗ്യത ഇല്ലാത്തവരെ മാനദണ്ഡം പാലിക്കാതെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘം സ്വീകരിക്കുന്ന നിക്ഷേപങ്ങളും വായ്പകളും രജിസ്ട്രാറുടെ അനുമതി കൂടാതെയാണ് നടത്തുന്നത്. അംഗങ്ങളിൽനിന്ന് അമിത പലിശ ഈടാക്കുന്നു. സംഘത്തിന്റെ ആസ്തി സംബന്ധിച്ച സ്റ്റോക്ക് റിപ്പോർട്ടിൽ 2.50 കോടിയുടെ വ്യത്യാസമുണ്ട്. യോഗങ്ങളുടെ മിനുട്സും സഹകരണ രജിസ്ട്രാറുടെ സർക്കുലർ പാലിച്ചല്ല രേഖപ്പെടുത്തുന്നത്. ജീവനക്കാരുടെ സേവന പുസ്തകവും സംഘത്തിലില്ല. രുചികരമായ ഭക്ഷണം കോഫി ഹൗസുകളിൽ വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.