തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ അടുപ്പ് കൂട്ടിയ ഇഷ്ടിക പാവപ്പെട്ട മനുഷ്യർക്ക് വീട് നിർമിക്കാൻ ഉപകരിക്കാത്തവിധം നശിപ്പിക്കണമെന്ന സംഘപരിവാർ കുത്തിത്തിരിപ്പ് ജനം തള്ളി. ഏകദേശം 30 ലോഡ് ഇഷ്ടികയാണ് പൊങ്കാലയ്ക്കെത്തിയവർ നഗരസഭയ്ക്ക് നൽകിയത്.
ഇഷ്ടിക ലൈഫ് ഭവന പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ നേരത്തേ അറിയിച്ചിരുന്നു. ഇതിനെതിരെ സംഘപരിവാർ തുടക്കംമുതൽ പ്രചാരണവും അഴിച്ചുവിട്ടു. കട്ടകൾ തിരികെ കൊണ്ടുപോവുകയോ പൊട്ടിച്ച് കളയുകയോ വേണമെന്നായിരുന്നു കുത്തിത്തിരിപ്പ്. ചാല തെരുവിലടക്കം ചിലയിടത്ത് പുറത്തുനിന്നു വന്ന സംഘം ഇഷ്ടിക പൊട്ടിച്ചു. കട്ടകൾ തിരികെ കൊണ്ടുവന്നുവെന്ന് ചിത്രം സഹിതം ചില ആർഎസ്എസുകാർ പോസ്റ്റും ഇട്ടു.
ഇഷ്ടിക സേവാഭാരതിക്ക് നൽകണമെന്നാണ് സിനിമാനടനും ബിജെപിക്കാരനുമായ കൃഷ്ണകുമാർ പ്രചരിപ്പിച്ചത്. ഈ കുബുദ്ധികളെല്ലാം തള്ളിയാണ് സാധാരണ മനുഷ്യർ നഗരസഭയ്ക്കൊപ്പം നിന്നത്. ചിലയിടത്ത് ഇഷ്ടിക പൊട്ടിച്ചിട്ടതായി ശ്രദ്ധയിൽപെട്ടെന്നും ബഹുഭൂരിപക്ഷം പേരും അതിന് കൂട്ടുനിന്നിട്ടില്ലെന്നും കോൺഗ്രസ് കൗൺസിലർമാരടക്കം ചൂണ്ടിക്കാട്ടി.