ന്യൂഡൽഹി
തിഹാർ ജയിലിലുള്ള മുന്‍മന്ത്രി മനീഷ് സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്മി പാര്‍ടി. ഒന്നാം നമ്പർ ജയിലിൽ സിസോദിയക്ക് ഒപ്പമുള്ളത് രാജ്യത്തെ കൊടും കുറ്റവാളികളാണെന്നും അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ഗൂഢനീക്കമാണിതിനുപിന്നിലെന്നും ആം ആദ്മി വക്താവ് സൗരഭ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.
എന്നാൽ, ആരോപണം അടിസ്ഥനരഹിതമാണെന്ന് തിഹാർ ജയിൽ അധികൃതർ പ്രതികരിച്ചു. ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റുചെയ്ത മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി പൂർത്തിയായപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണ് അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ധ്യാനത്തിനും മറ്റും സൗകര്യമുള്ള വിപാസാന സെല്ലിൽ പാർപ്പിക്കണമെന്ന സിസോദിയയുടെ ആവശ്യം കോടതി അംഗീകരിച്ചതാണെന്നും ഇത് അവഗണിച്ചാണ് ഒന്നാംനമ്പർ ജയിലിൽ പാർപ്പിച്ചതെന്നും ആം ആദ്മി ചൂണ്ടിക്കാട്ടി. എന്നാൽ, മുതിർന്ന പൗരന്മാർക്കുള്ള സെല്ലിലാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.