അഹമ്മദാബാദ്
ഹോളി ആഘോഷം കഴിഞ്ഞ് ഇന്ത്യൻ ടീമെത്തുന്നത് ഓസ്ട്രേലിയക്ക് മുന്നിൽ. ബോർഡർ–-ഗാവസ്കർ ട്രോഫിക്കായുള്ള അവസാന ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിൽ ഇന്ന് തുടങ്ങും. പരമ്പരയിൽ ഇന്ത്യ 2–-1ന് മുന്നിലാണ്. ഈ ടെസ്റ്റ് ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്തും.
ഇൻഡോറിൽ നടന്ന മൂന്നാംടെസ്റ്റ് ഓസീസ് ജയിച്ചിരുന്നു. സ്പിന്നിന് അനുകൂലമായി നിർമിച്ച പിച്ചിനെതിരെ കടുത്ത വിമർശമാണ് ഉയർന്നത്. ഓസ്ട്രേലിയയെ സ്പിൻ കെണിയിൽ വീഴ്ത്താനാണ് പിച്ച് ഉണ്ടാക്കിയതെങ്കിലും തിരിച്ചടിയാണുണ്ടായത്. അതിനാൽ അഹമ്മദാബാദിലെ പിച്ച് ആരെ തുണയ്ക്കുമെന്നത് ആകാംക്ഷയാണ്. സ്പിന്നർമാർക്ക് അനുകൂലമാകുമെന്നാണ് സൂചന. 2021ൽ ഇവിടെ നടന്ന രണ്ട് ടെസ്റ്റിൽ സ്പിന്നർമാർ നേടിയത് 48 വിക്കറ്റാണ്. പേസർമാർക്ക് കിട്ടിയത് 11. ഈ സാഹചര്യം ആവർത്തിക്കുമോയെന്ന് കണ്ടറിയണം.
മൂന്നാം ടെസ്റ്റിൽ ബാറ്റർമാർക്ക് കാര്യമായ റോളില്ലായിരുന്നു. ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തും. മുഹമ്മദ് സിറാജിന് പകരക്കാരനായിരിക്കും. സ്റ്റീവ് സ്മിത്ത് ഓസീസ് ക്യാപ്റ്റനായി തുടരും. മൂന്നാം ടെസ്റ്റ് വിജയത്തിൽ സ്മിത്തിന്റെ തീരുമാനങ്ങൾ നിർണായകമായിരുന്നു. അസുഖത്തെത്തുടർന്ന് നാട്ടിൽപ്പോയ പാറ്റ് കമ്മിൻസ് തിരിച്ചെത്തിയിട്ടില്ല. ഓസീസ് ജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. സ്പിന്നർമാരായ നതാൻ ല്യോണും മാത്യു കുനെമനുമായിരിക്കും മുഖ്യായുധങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഇന്ന് കളി കാണാനുണ്ടാകും. അതിനാൽ അതീവ സുരക്ഷയിലാണ് സ്റ്റേഡിയം.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെ എസ് ഭരത്, അക്സർ പട്ടേൽ, ആർ അശ്വിൻ, മുഹമ്മദ് ഷമി/ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഓസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ്, മാർണസ് ലബുഷെയ്ൻ, പീറ്റർ ഹാൻഡ്സ്കോമ്പ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നതാൻ ല്യോൺ, ടോഡി മർഫി, മാത്യു കുനെമൻ.