കൊച്ചി
രാജ്യത്തിന് മാതൃകയായി കേരളത്തിന്റെ ഐടി മേഖലയിലെ സ്ത്രീമുന്നേറ്റം. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവരിൽ 43 ശതമാനം സ്ത്രീകളാണ്. ദേശീയ ശരാശരി 34 ശതമാനം മാത്രമാണെന്നിരിക്കെയാണ് കേരളത്തിന്റെ കുതിപ്പ്. തിരുവനന്തപുരം ടെക്നോപാർക്കിൽ 482 കമ്പനികളിലായി 70,500 ജീവനക്കാരിൽ 45 ശതമാനവും കൊച്ചി ഇൻഫോപാർക്കിൽ 572 കമ്പനികളിലായി 64,900 ജീവനക്കാരിൽ 40 ശതമാനവും സ്ത്രീകളാണ്. കോഴിക്കോട് സൈബർ പാർക്കിൽ 85 കമ്പനികളിലെ 2000 ജീവനക്കാരിൽ 40 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം.
ഐടി മേഖലയിൽ സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലും പുതിയ കമ്പനികൾ സംസ്ഥാനത്ത് എത്തിയതും തൊഴിലവസരങ്ങൾ വർധിക്കാൻ സഹായകരമായി. 2022 ജനുവരിക്കുശേഷംമാത്രം സൈബര്‍പാര്‍ക്കില്‍ 17 കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐടി കമ്പനികളുടെ നേതൃസ്ഥാനത്തേക്കുവരുന്ന സ്ത്രീകളുടെ എണ്ണത്തിൽ മൂന്നുവർഷത്തിൽ 30 ശതമാനം വർധനയുണ്ടായി. പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് സ്ത്രീകൾക്ക് മേഖലയിലേക്ക് കടന്നുവരാൻ കാരണമായെന്ന് സൊല്യൂഷൻസ് ഗ്രൂപ്പ് ലീഡ് കൺസൾട്ടന്റ് പ്രത്യൂഷ നായർ പറഞ്ഞു. ജോലിയിൽനിന്ന് വിട്ടുനിന്നവർക്ക് കോവിഡ് സമയത്ത് വീട്ടിലിരുന്ന് ജോലിചെയ്യേണ്ട സ്ഥിതിയുണ്ടായപ്പോൾ വീണ്ടും തൊഴിലെടുക്കാനുള്ള അവസരം ലഭിച്ചു. ഇതും സ്ത്രീകൾ കൂടുതലായി ഐടി മേഖല തെരഞ്ഞെടുക്കാൻ സഹായകമായിട്ടുണ്ടെന്നും അവർ പറഞ്ഞു.
“ഡിജിറ്റൽ സാങ്കേതികവിദ്യയും കണ്ടെത്തലുകളും ലിംഗസമത്വത്തിന്’ എന്ന ഈ വര്‍ഷത്തെ വനിതാദിനം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഇൻഫോപാർക്കിലെ കമ്പനികളിൽ ഭൂരിപക്ഷവും മുന്നോട്ടുപോകുന്നത്. ഐടി മേഖലയിലെ സ്ത്രീസൗഹൃദ തൊഴിലിടങ്ങൾ കൂടുതൽ പേരുടെ കടന്നുവരവിന് വഴിയൊരുക്കിയിട്ടുണ്ട്. പല ഐടി കമ്പനികളിലും സുപ്രധാന ചുമതലകൾ വഹിക്കുന്നതും സ്ത്രീകളാണ്. കൂടുതൽ അവസരങ്ങളൊരുക്കാൻ ശക്തമായ പിന്തുണയാണ് സംസ്ഥാന സർക്കാരും ഐടി വകുപ്പും നൽകുന്നത്–സുശാന്ത് കുറുന്തില്‍ (സിഇഒ, ഇന്‍ഫോപാര്‍ക്ക്) പറഞ്ഞു.