മ്യൂണിക്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് ഇന്ന് ജീവൻമരണ പോരാട്ടം. രണ്ടാംപാദ പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടും. പാരിസിൽ, സ്വന്തംതട്ടകത്തിൽ ഒരു ഗോളിന് തോറ്റതിന്റെ ക്ഷീണവുമായാണ് ലയണൽ മെസിയും സംഘവും എത്തുന്നത്. കിങ്സ്ലി കൊമാന്റെ ഏകഗോളിലായിരുന്നു ബയേൺ ജയം നേടിയത്. ഇന്ന് സമനില മതി ബയേണിന്. പിഎസ്ജിക്കാകട്ടെ മുന്നേറാൻ രണ്ട് ഗോൾ ജയമെങ്കിലും അനിവാര്യം.
എതിർതട്ടകത്തിലാണ് കളി എന്നതും പരിക്കേറ്റ സൂപ്പർതാരം നെയ്മർ പുറത്തായതുമാണ് പിഎസ്ജിക്ക് തലവേദനയാകുന്നത്. എങ്കിലും മെസിയുടെയും ഗോളടിയന്ത്രം കിലിയൻ എംബാപ്പെയുടെയും കരുത്തിൽ കളി പിടിക്കാമെന്നവർ കണക്കുകൂട്ടുന്നു. ബയേൺ ആത്മവിശ്വാസത്തിലാണ്. സസ്പെൻഷനിലുള്ള പ്രതിരോധക്കാരൻ ബെഞ്ചമിൻ പവാർദ് കളിക്കില്ല. സാദിയോ മാനെ പകരക്കാരനായാകും കളത്തിലെത്തുക.മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്സ്പർ എസി മിലാനെ നേരിടും. ആദ്യപാദത്തിൽ മിലാൻ ഒരു ഗോളിന് ജയിച്ചിരുന്നു.