കൊച്ചി
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രം. സാമൂഹ്യമാധ്യമങ്ങളിൽ താരം. കോളേജുകളിൽ ക്ഷണിക്കപ്പെടുന്ന അധ്യാപിക. മണ്ണിനെയറിഞ്ഞ കർഷക… ഇതാണ് വീട്ടുമുറ്റ കൃഷിയിൽനിന്നും സംരംഭകയിലേക്ക് ചുവടുവച്ച ഇടുക്കിക്കാരി ബിൻസി ജയിംസ്. കേരളത്തിലെ മികച്ച വനിതാകർഷകയ്ക്കുള്ള അവാർഡ് നേടിയ ബിൻസി അടുത്ത ചുവടുവയ്പ്പിനുളള തയ്യാറെടുപ്പിലാണ്; സ്വന്തം ഭൂമിയിൽ കൃഷി ചെയ്യണം.
‘ഒരുദിവസംപോലും കൃഷിയില്ലാതെ മുന്നോട്ടുപോകാനാകില്ല. ഒമ്പതാംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. സെലിബ്രിറ്റി മുഖം തന്നത് കൃഷിയാണ്’ –-മണ്ണിനോടും പ്രകൃതിയോടും പൊരുതി കൃഷിയിലൂടെ ജീവിതം പച്ചപിടിപ്പിച്ച കഥ പറയുകയാണ് ബിൻസി.
പാട്ടത്തിനെടുത്ത നാലേക്കറിലെ കൃഷിയും കൃഷിയറിവുകളും ബിൻസി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. ഭർത്താവും മകനുമുൾപ്പെടെ അഞ്ചുപേർക്ക് തൊഴിൽ നൽകുന്നുണ്ട്. ഇതിലൊരാൾ വീഡിയോയും സോഷ്യൽമീഡിയയും കൈകാര്യം ചെയ്യന്നു. ഇൻസ്റ്റഗ്രാമിൽമാത്രം അറുപത്തയ്യായിരത്തിലധികം ഫോളോവേഴ്സുണ്ട് ബിൻസിക്ക്. മരിയൻ കോളേജിലടക്കം കുട്ടികൾക്ക് കൃഷിപാഠം പകർന്നുനൽകാനും ബിൻസിയുണ്ട്.
വീട്ടുമുറ്റത്ത് കൃഷി ചെയ്തും ഉൽപ്പന്നങ്ങൾ സൗഹൃദങ്ങൾക്കിടയിൽ പങ്കുവച്ചുമായിരുന്നു തുടക്കം. ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ കൃഷി കാണാനും തോട്ടത്തിൽനിന്ന് നേരിട്ട് വാങ്ങാനും നിരവധിപേരെത്തി. വീടും ആകെയുണ്ടായിരുന്ന 20 സെന്റ് സ്ഥലവും പണയംവച്ച് കട്ടപ്പനയിൽനിന്ന് കുമളിയിലെത്തി ഭൂമി പാട്ടത്തിനെടുത്തു. പ്രളയം ചതിച്ചെങ്കിലും ജീവിതവും കൃഷിയും വിത്തുവിൽപ്പനയിലൂടെ തിരിച്ചുപിടിച്ചു. ആദ്യകാലത്ത് ഉൽപ്പന്നങ്ങൾ സ്കൂട്ടറിൽ വച്ചുകെട്ടി വെളുപ്പാൻകാലത്ത് കൊച്ചിയിലെത്തി വഴിയോരക്കച്ചവടം നടത്തി. പിന്നീട് പിക്കപ് വാനിലായി യാത്ര. ഇപ്പോൾ ആവശ്യക്കാർ വീട്ടിലെത്തും.
വണ്ടിപ്പെരിയാറിലാണ് ഇപ്പോഴത്തെ കൃഷിയിടം. അതിനുള്ളിൽത്തന്നെ ഷെഡ് കെട്ടിയാണ് താമസം. സ്ട്രോബറി, കാബേജ്, ബീൻസ്, പയർ, ആപ്പിൾ, തക്കാളി, കെയ്ൻ ചീര എന്നിവയാണ് കൃഷികൾ. തേൻ, ചോളപ്പൊടി, കാപ്പിപ്പൊടി, ഏലം എന്നിവയുടെ ഉൽപ്പാദനവും വിപണനവും ഓൺലൈനായുണ്ട്. വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികൾക്ക് കെയ്ൻ ചീര, ലറ്റുസ്, സെല്ലറി പോലെയുള്ളവ ഉത്പാദിപ്പിക്കാനാണ് തീരുമാനം.
ഭർത്താവ് ജയിംസും ആൻസി, രേഷ്മ, അച്ചു എന്നിവരും സഹായത്തിനുണ്ട്. ആവശ്യക്കാർക്ക് മകൻ ജഫിൻ സ്ഥലത്തെത്തി ഫാം സെറ്റ് ചെയ്ത് നൽകും. മകൾ ജിനുവും മറ്റൊരു മകൻ ജറിനും വിദ്യാർഥികളാണ്.