കൊച്ചി
സ്ത്രീകൾക്ക് ത്രില്ലറുകൾ എഴുതാനാകില്ലെന്ന ധാരണ പൊളിച്ച് ത്രസിപ്പിക്കുന്ന കഥകൾ എഴുതിക്കൂട്ടുകയാണ് അക്ഷരലോകത്തെ യുവതരംഗമായ ശ്രീപാർവതി. വായനക്കാരുടെ മനസ്സിൽ ഉദ്വേഗവും ഭീതിയും നിറച്ച ഒരുപിടി പുസ്തകങ്ങൾ മലയാളത്തിന് ഈ എഴുത്തുകാരി സമ്മാനിച്ചു. ഇതിനകം ഏഴു പുസ്തകങ്ങൾ പുറത്തിറക്കിയ ഈ കോഴിക്കോട്ടുകാരി സിനിമയുടെ കഥാലോകത്ത് ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. സിനിമ, വെബ്സീരീസ് പ്രോജക്ടുകളാണ് പണിപ്പുരയിൽ.
പ്രണയപ്പാതിയാണ് ആദ്യകൃതി. പ്രണയിക്കായി എഴുതിയ പ്രണയകവിതകൾ. ശ്രീപാർവതിയുടേത് പ്രണയവിവാഹമായിരുന്നു. വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് വീൽചെയറിലായ കൂത്താട്ടുകുളം താമരക്കാട്ടെ കുഞ്ചിറക്കാട്ട് മനയിൽ ഉണ്ണി മാക്സ് എന്ന ഉണ്ണിയാണ് പ്രണയപ്പാതി. ലെസ്ബിയൻ പ്രണയം പ്രമേയമാക്കിയ മീനുകൾ ചുംബിക്കുന്നു, ഹൊറർ ത്രില്ലറായ മിസ്റ്റിക് മൗണ്ടൻ, കുറ്റാന്വേഷണകഥകളായ നായിക അഗതാക്രിസ്റ്റി, പോയട്രി കില്ലർ, വയലറ്റുപൂക്കളുടെ മരണം, ലില്ലി ബെർണാർഡ് എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങൾ. ഡിസി ബുക്സ് പുറത്തിറക്കിയ കുറ്റാന്വേഷണ നോവൽ പോയട്രി കില്ലറിന്റെ എട്ടാംപതിപ്പും പുറത്തിറങ്ങി.
ജീവിതംതന്നെയാണ് എഴുത്തെന്ന അഭിപ്രായമാണ് ശ്രീപാർവതിക്കുള്ളത്. പേടികൊണ്ടും എളുപ്പമല്ലെന്ന തോന്നൽകൊണ്ടുമായിരിക്കും സ്ത്രീകൾ ത്രില്ലർ എഴുത്തിലേക്ക് അധികം കടന്നുവരാത്തത്. കുറ്റാന്വേഷണകഥകൾ പറയുമ്പോൾ ഒരുപാട് ഗവേഷണം ആവശ്യമുണ്ട്. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണം. ഈ മേഖലയിലെ ശാസ്ത്രത്തിന്റെ വളർച്ച അറിഞ്ഞിരിക്കണം. എന്നാൽ, സ്ത്രീകൾക്ക് ഏറ്റവും പറ്റിയ മേഖലയാണ് ത്രില്ലർ–-ക്രൈം എഴുത്തെന്നാണ് തന്റെ പക്ഷമെന്നും ശ്രീപാർവതി.
പുതിയ പുസ്തകം ഒരു മിസ്റ്ററി രചനയാണ്. ഒരു ദുർമന്ത്രവാദിനിയുടെ കഥ. അവർ എങ്ങനെ ദുർമന്ത്രവാദിനിയായെന്ന അന്വേഷണമാണ്. സാധാരണ കുറ്റാന്വേഷണകഥകളിൽനിന്ന് വ്യത്യസ്തമായി പൂർണമായും സ്ത്രീപക്ഷത്ത് നിന്നുള്ളതായിരിക്കും ഇതെന്നും ശ്രീപാർവതി.