കൊല്ലം
അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ കോടതി മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പട്ടത്താനം നീതിനഗർ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മ (72)യെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മകൻ സുനിലിനെ (54)യാണ് ജീവപര്യന്തം തടവിന് കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് റോയി വർഗീസ് ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ ഒരുവർഷവും അഞ്ചു മാസവും തടവും അനുഭവിക്കണം. സാവിത്രിയമ്മയെ കുഴിച്ചുമൂടാനും തെളിവു നശിപ്പിക്കാനും സുനിലിനെ സഹായിച്ച സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ കുട്ടനെ (39) മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയൊടുക്കണം. പിഴ അടയ്ക്കാതിരുന്നാൽ നാലു മാസവും ഇരുപതു ദിവസവും തടവനുഭവിക്കണം.
സാവിത്രിയമ്മയും മകൻ സുനിലും ഒരുമിച്ചായിരുന്നു താമസം. സാവിത്രിയമ്മയുടെ മൂത്തമകൾ അധ്യാപികയായ ലാലി കേസിലെ ഒന്നാം സാക്ഷിയാണ്. ഇവർ ഹരിപ്പാട്ടും മറ്റു മക്കളായ സജീവ് മുഖത്തലയിലും ഷാജി ആറ്റിങ്ങൽ തോന്നയ്ക്കലുമായിരുന്നു താമസം.
വീടും വസ്തുവും സുനിലിന് എഴുതി നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ എത്തിച്ചത്. വസ്തുവിന്റെ ഓഹരി ആവശ്യപ്പെട്ട് സുനിൽ സാവിത്രിയമ്മയുമായി നിരന്തരം വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തിരുന്നു. വീടും വസ്തുവും സാവിത്രിയമ്മയുടെ മരണശേഷം മൂത്തമകൾ ലാലിക്കു നൽകാൻ തീരുമാനിച്ച വിവരം അറിഞ്ഞതോടെ 2019 സെപ്തംബർ മൂന്നിന് സാവിത്രിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. മർദനമേറ്റ് നിലത്തുവീണ സാവിത്രിയമ്മയെ ധരിച്ചിരുന്ന നേര്യത് കഴുത്തിൽ മുറുക്കിയശേഷം വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂക്കി. ബോധരഹിതയായി കിടന്ന സാവിത്രിയമ്മയെ സുനിൽ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീട്ടുപരിസരത്ത് കുഴിയെടുത്ത് മൂടുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണർ എ പ്രദീപ്കുമാർ കേസ് പരിശോധിച്ചതിനെ തുടർന്നാണ് സുനിലിൽ സംശയം ഉയർന്നത്. സാവിത്രിയമ്മയുടെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയതായും കുഴിച്ചുമൂടുന്ന സമയം ജീവനുണ്ടായിരുന്നെന്നും തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഫോറൻസിക് സർജൻ ശശികലയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
കൊല്ലം വടക്കേവിള സ്വദേശിയായ സുര എന്ന സുരേഷ് ബാബുവിനെ കൊന്ന കേസിലും സുനിൽ പ്രതിയാണ്. ഈ കേസിന്റെ വിചാരണ കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നുവരുന്നു.