പറവൂർ> ആ ഹൃദയമിടിപ്പുകളിൽ സ്നേഹം നിറഞ്ഞു. നന്ദിയുടെ ചെമ്പനീർ പൂക്കൾ മനസ്സിൽ വിരിഞ്ഞു. പാതിയിൽ നിലയ്ക്കുമായിരുന്ന ജീവൻ തളിർത്ത് പൂവിടുന്നതിന്റെ ആഹ്ലാദമുണ്ട് പ്രസാദിന്റെ കണ്ണിൽ. എറണാകുളം ജനറൽ ആശുപത്രിയിലെ സൗജന്യ ബൈപാസ് ഹൃദയശസ്ത്രക്രിയയാണ് ഏഴിക്കര കടക്കര കറുത്താംപറമ്പിൽ പ്രസാദിന്(54) പുതുജീവിതം സമ്മാനിച്ചത്. രാജ്യത്തെ ജനറൽ ആശുപത്രികളിൽ ആദ്യമായിട്ടായിരുന്നു ഈ ശസ്ത്രക്രിയ. എൽഡിഎഫ് സർക്കാരിന്റെ ഭരണമികവിൽ ആരോഗ്യമേഖല കൈവരിച്ച നേട്ടത്തിന്റെ നേർസാക്ഷ്യംകൂടിയായിരുന്നു 2021 ഡിസംബറിൽനടന്ന ശസ്ത്രക്രിയ.
ആതുരശുശ്രൂഷാ രംഗത്തെ സമാനതകളില്ലാത്ത മികവും കരുതലും തുണയായ ലക്ഷക്കണക്കിനാളുകളുടെ പ്രതിനിധിയായാണ് പ്രസാദ് പറവൂരിൽ ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെയും ജാഥാ അംഗങ്ങളെയും സ്വീകരിക്കാനെത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തി ജാഥാനായകനെ കണ്ടമാത്രയിൽ പ്രസാദ് കൈയിൽ കരുതിയിരുന്ന ചെങ്കൊടി വീശി. പ്രസംഗം മുഴുവൻ കേട്ടശേഷം ഉപഹാരം നൽകി നന്ദി അറിയിച്ചു. ആരോഗ്യവിവരങ്ങൾ തിരക്കിയപ്പോൾ ഉഷാറെന്ന് പ്രസാദിന്റെ മറുപടി.
പള്ളിയാക്കൽ സഹകരണ ബാങ്കിൽ താൽക്കാലിക ഡ്രൈവറായ പ്രസാദിന് ഹൃദയശസ്ത്രക്രിയക്ക് മൂന്നുലക്ഷം രൂപ ചെലവുവരുമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. ആ തുക പ്രസാദിന് താങ്ങാൻ കഴിയാത്തതിനാൽ ജനറൽ ആശുപത്രിയിലെത്തി. ശസ്ത്രക്രിയാദിനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും ആശുപത്രിയിലെത്തി. തിങ്കളാഴ്ച തൃശൂർ ജില്ലയിലെ പുതുക്കാട് നന്തിക്കര, എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പറവൂർ എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്.
ജാഥ ഇന്ന്
രാവിലെ 10ന് വൈപ്പിൻ, 11ന് കൊച്ചി തോപ്പുംപടി, പകൽ മൂന്നിന് എറണാകുളം മറൈൻഡ്രൈവ്, നാലിന് കളമശേരി, സമാപനം അഞ്ചിന് തൃപ്പൂണിത്തുറയിൽ.