തിരുവനന്തപുരം > വ്യാജവാർത്ത ചമച്ച ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി വാദിച്ച് സ്വയം നാണംകെട്ട് പ്രതിപക്ഷം. ചാനലിന്റെ വ്യാജവാർത്താ നിർമിതിയെ പിന്തുണച്ച് പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഗുജറാത്ത് വംശഹത്യ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ബിബിസിയിൽ നടത്തിയ റെയ്ഡുമായാണ് വിഷ്ണുനാഥ് ഇതിനെ താരതമ്യപ്പെടുത്തിയത്. സർക്കാരിനെതിരെ വാർത്ത കൊടുക്കരുതെന്ന മുന്നറിയിപ്പാണ് ചാനലിൽ പരിശോധന നടത്തിയതിലൂടെ നൽകിയതെന്നും വിഷ്ണുനാഥ് സമർഥിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനവാദങ്ങളുന്നയിച്ചു.
പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. എതിരായ വാർത്തയുടെ പേരിൽ മാധ്യമങ്ങളെ കോൺഗ്രസും ബിജെപിയും കൈകാര്യം ചെയ്തത് മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെ നിയന്ത്രിച്ചതുമുതൽ വയനാട്ടിൽ ദേശാഭിമാനി ലേഖകനെ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽനിന്ന് ഇറക്കിവിടുമെന്ന് ഭീഷണപ്പെടുത്തിയതുവരെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷത്തെ പൊള്ളിച്ചു.
എസ്എഫ്ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ഓഫീസിൽ പ്രതിഷേധിച്ചത് അക്രമമായി ചിത്രീകരിക്കാനുള്ള ശ്രമവും പാഴായി. അക്രമമുണ്ടായിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് സംഭവിച്ചതെന്നും ചാനലിന്റെ ദൃശ്യങ്ങളിൽനിന്നുതന്നെ വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞതോടെ ആ വാദവും പൊളിഞ്ഞു.