തിരുവനന്തപുരം> സർക്കാർ സ്കൂളുകൾ ലഹരിയുടെ പിടിയിലെന്ന് വരുത്താനാണ് ഏഷ്യാനെറ്റ് ശ്രമിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പി വി അൻവർ പറഞ്ഞു. എൽഡിഎഫ് സർക്കാർ വന്നശേഷം 10 ലക്ഷത്തിലധികം വിദ്യാർഥികളാണ് സ്വകാര്യ സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിൽ എത്തിയത്.
സർക്കാർ സ്കൂളുകളാകെ ലഹരിയുടെ പിടിയിലെന്നു വരുത്തി, ഈ വിദ്യാർഥികളെ സ്വകാര്യ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയമുണ്ട്. മുമ്പ് സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ ഗവേഷണം നടത്തിയവരാണ് യുഡിഎഫ്. കേരളത്തിൽ നടക്കുന്നത് പ്രതിപക്ഷ ഭീകരതയാണ്. വലിയ പാപഭാരമെന്ന് അറിഞ്ഞുതന്നെയാണ് ഏഷ്യാനെറ്റ് വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയത്.
എന്തിനാണ് എസ്എഫ്ഐക്കാർ സമരം നടത്തിയതെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിച്ചത്. ‘നിങ്ങൾ ന്യായമായ കാര്യം സമൂഹത്തോട് പറയുമ്പോൾ അത് അവർ ശ്രദ്ധിച്ചില്ലെങ്കിൽ കാലിലെ ചെരിപ്പൂരി മുഖത്തടിക്കണം’ എന്ന് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അതാണ് എസ്എഫ്ഐ ചെയ്തതെന്നും ധനാഭ്യർഥന ചർച്ചയിൽ പി വി അൻവർ പറഞ്ഞു.