കണ്ണൂർ> ഏഷ്യാനെറ്റ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിന്റെ മാധ്യമ പ്രവർത്തനരീതി ശരിയല്ലെന്ന് ആവർത്തിച്ച് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി. നിയമസഭയിൽ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ പരാമർശിച്ചുള്ള ഫെയ്സ് ബുക്ക് കുറിപ്പിലാണ് അബ്ദുൾകരീം ചേലേരി കഴിഞ്ഞ ദിവസത്തെ അഭിപ്രായം ആവർത്തിച്ചത്. ‘നൗഫൽ ബിൻ യൂസഫ് എന്ന മാധ്യമപ്രവർത്തകൻ അദ്ദേഹത്തിന്റെ സഹജമായ ആക്ടിവിസവും അന്വേഷണത്വരയും പലതരങ്ങളിലും പ്രകടിപ്പിക്കാറുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനുവേണ്ടി അദ്ദേഹം സ്വീകരിച്ചിട്ടുള്ള മാർഗവും രീതിയും തെറ്റാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല’–- അദ്ദേഹം നിലപാട് വ്യക്തമാക്കി.
ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിലപാടിനു വിരുദ്ധമായി നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ പി കെ ബഷീർ പറഞ്ഞതിനു മറുപടിയായാണ് അബ്ദുൾ കരീം ചേലേരിയുടെ പ്രതികരണം. ‘നൗഫലിന്റെ ആക്ടിവിസവും ആക്രോശവും ആഴ്ചകൾക്കുമുമ്പ് അടുത്തറിഞ്ഞവരാണ് ഞാൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ മുസ്ലിംലീഗ് പ്രവർത്തകരെ’ന്ന് കഴിഞ്ഞദിവസത്തെ കുറിപ്പിൽ അബ്ദുൾ കരീം ചേലേരി കൃത്യമായി പറഞ്ഞിരുന്നു.
മുസ്ലിംലീഗ് ജില്ലാ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ നൗഫൽ കാട്ടിക്കൂട്ടിയ പരാക്രമം ലീഗ് ജില്ലാ പ്രസിഡന്റിന് നേരിട്ട് അനുഭവപ്പെട്ടതാണ്. ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചുകടന്നത് ലീഗ് നേതാക്കളും പ്രവർത്തകരും ചോദ്യചെയ്തപ്പോഴാണ് നൗഫൽ തനിസ്വഭാവം പുറത്തെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മോശമായി വാർത്ത കൊടുത്ത റിപ്പോർട്ടറല്ലേയെന്ന് പ്രവർത്തകർ ചോദിച്ചപ്പോൾ അവർക്കെതിരെ നൗഫൽ ആക്രോശിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടി ‘ദൈവമാണോ’ എന്നു ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
പ്രകോപിതരായ ലീഗ് പ്രവർത്തകർ നൗഫലിനെ ‘കൈകാര്യം’ ചെയ്തു. എന്നാൽ, മർദനം പുറത്തറിയുന്നതിലുള്ള ജാള്യം കാരണം ചികിത്സ തേടിയില്ല. ഇതേ പരിപാടി റിപ്പോർട്ടുചെയ്യാനെത്തിയ കണ്ണൂർ വിഷൻ പ്രാദേശിക ചാനൽ റിപ്പോർട്ടറാണ് ലീഗുകാർ മർദിച്ച വിവരം വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ടർ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.