തിരുവനന്തപുരം> ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കകാലം മുതൽ വ്യാജ വാർത്താ നിർമാണം തുടങ്ങിയതായി വെളിപ്പെടുത്തൽ. ഏഷ്യാനെറ്റിൽനിന്ന് വിരമിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ കെ രവീന്ദ്രനാണ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്.
കേരളത്തിലേക്ക് അയൽസംസ്ഥാനത്തുനിന്ന് സ്പിരിറ്റ് ഒഴുകുന്നുവെന്ന വാർത്ത സൃഷ്ടിക്കാൻ റിപ്പോർട്ടർ സ്വന്തം ചങ്ങാതിയെ കൂട്ടുപിടിച്ച് വാർത്തയ്ക്ക് സെറ്റ് ഇട്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ എൻ കെ രവീന്ദ്രൻ പറഞ്ഞു. തോർത്തുമുണ്ട് തലയിൽ കെട്ടിച്ച് ടാങ്കർ ലോറിക്ക് മുകളിൽ കയറ്റിയിരുത്തിയ ചങ്ങാതി സ്പിരിറ്റിന്റെ കടന്നുവരവ് കഥ കടത്തുകാരനായി അഭിനയിച്ച് അവതരിപ്പിച്ചു. ഈ റിപ്പോർട്ടർ ദീർഘകാലം സ്ഥാപനത്തിൽ തുടർന്നു. പിന്നീട് അയാൾ അഴിമതിക്ക് കുപ്രസിദ്ധി നേടിയ ഒരു യുഡിഎഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ എത്തി.
മറുഭാഗത്ത് കേന്ദ്ര സർക്കാരിനെ ഉന്നംവയ്ക്കുന്ന റിപ്പോർട്ടുകളിൽ, തയ്യാറാക്കുന്നവർക്കെതിരെ മാനേജ്മെന്റ് ശിക്ഷ ഉടൻ നടപ്പാക്കും. ഡൽഹിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ പി ആർ സുനിലിനെ ഇത്തരത്തിൽ പുകച്ചുപുറത്താക്കിയതാണെന്നും പോസ്റ്റിൽ പറയുന്നു. പൗരത്വ നിയമത്തിനെതിരായ സമരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചാനൽ മേധാവിക്ക് സുനിലിനെ അപ്രിയനാക്കിയത്. അതേസമയം, വ്യാജവാർത്ത നിർമിച്ച് സംപ്രേഷണം ചെയ്തതിന് ഏതെങ്കിലും മാധ്യമപ്രവർത്തകനെ മാനേജ്മെന്റ് ശിക്ഷിച്ചതായി എന്റെ അറിവിൽ ഇല്ലെന്ന് പോസ്റ്റിൽ പറഞ്ഞു.