ആലപ്പുഴ> കോവിഡ് ബാധിച്ച് ഓക്സിജൻ ലെവൽ താഴ്ന്ന് മരണത്തോട് മല്ലിട്ടയാളെ ബൈക്കിൽ ആശുപത്രിയിലേക്ക് മാറ്റി!. കോവിഡിൽ ലോകം പകച്ചുനിന്നപ്പോൾ ആലപ്പുഴയിൽനിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത ഇങ്ങനെ. കോവിഡ് ഭയന്ന് ആളുകൾ മടിച്ചിരുന്നപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ പിപിഇ കിറ്റ് ധരിച്ച് ബൈക്കിൽ രോഗിയെ നടുക്കിരുത്തി ആശുപത്രിയിലെത്തിച്ചതാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയ ഗുരുതര കുറ്റം. ഡിവൈഎഫ്ഐ പ്രവർത്തകരായ രേഖ പി മോളും അശ്വിൻ കുഞ്ഞുമോനുമാണ് രോഗിക്ക് രക്ഷകരായത്.
കോവിഡ് രോഗലക്ഷണമുള്ളവരെ പാർപ്പിച്ച പുന്നപ്ര എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലെ ഡൊമിസലറി കെയർ സെന്ററിലെ (ഡിസിസി) വളണ്ടിയർമാരായിരുന്നു ഇരുവരും. ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിലെ രോഗികളെ പാർപ്പിച്ച ഡിസിസി സെന്ററിൽ മൂന്നാംനിലയിൽ ഓക്സിജൻ കിട്ടാതെ അതീവഗുരുതരാവസ്ഥയിലായിരുന്നു രോഗി. വിവരമറിഞ്ഞയുടൻ ഓടിയെത്തിയ രേഖയും അശ്വിനും ആംബുലൻസിന് കാത്തുനിൽക്കാതെ അതേ വളപ്പിലുള്ള സഹകരണ ആശുപത്രിയിലെത്തിച്ചു. അശ്വിന്റെ ബൈക്കിൽ രോഗിയെ നടുക്കിരുത്തി രേഖ പിന്നിലിരുന്നായിരുന്നു ആശുപത്രിയിലെത്തിച്ചത്.
കൃത്യസമയത്ത് ഓക്സിജൻ നൽകിയതോടെ രോഗിയുടെ ജീവൻരക്ഷിക്കാനായി. ഈ സംഭവത്തെ മറ്റെല്ലാ മാധ്യമങ്ങളും അഭിനന്ദിച്ചു. എന്നാൽ ഇരുവരും ഡിവൈഎഫ്ഐ പ്രവർത്തകരായതിനാൽ ബൈക്കിൽ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ കുറ്റമായി ഏഷ്യാനെറ്റ് ന്യൂസിന് വലിയ കുറ്റമായി. ജീവൻ രക്ഷിച്ച കാര്യം പറഞ്ഞുമില്ല. രേഖ വിവാഹിതയായി കോഴിക്കോടാണ് താമസം. അശ്വിൻ ഡിവൈഎഫ്ഐ പുന്നപ്ര മേഖലാ ജോയിന്റ് സെക്രട്ടറിയാണിപ്പോൾ.