തിരുവനന്തപുരം> വേനലിലെ അധിക വൈദ്യുതി ആവശ്യം മുന്നിൽക്കണ്ട് മെയ് 31 വരെയുള്ള ഉപയോഗത്തിന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിലും 275 മെഗാവാട്ടിന് ബാങ്കിങ് കരാറിലും ഏർപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
സംസ്ഥാനത്ത് 2021-–-22 സാമ്പത്തികവർഷം കെഎസ്ഇബിക്ക് 736.27 കോടി രൂപയുടെ പ്രവർത്തനലാഭം ഉണ്ടായിട്ടുണ്ടെങ്കിലും 2022 ഏപ്രിൽ ഒന്നുവരെയുള്ള സഞ്ചിതനഷ്ടം 5304.37 കോടി രൂപയാണ്. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള ബാധ്യത 13,896. 02 കോടി രൂപകൂടി ചേർത്താൽ 2022 മാർച്ച് 31 വരെയുള്ള സഞ്ചിതനഷ്ടം 19,200. 39 കോടി രൂപയാണ്. ഇക്കാരണത്താലാണ് താരിഫ് പരിഷ്കരണ നിർദേശങ്ങൾ സമർപ്പിക്കേണ്ടിവന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപയോക്താക്കൾ, എൻഡോസൾഫാൻ ദുരിതബാധിതർ, പോളിയോ ബാധിതർ, ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കുള്ള നിലവിലെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കാനുള്ള ശുപാർശകളാണ് വൈദ്യുതി റഗുലേറ്ററി കമീഷനിൽ സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.