കൊച്ചി> തിളയ്ക്കുന്ന വെയിലും തോൽക്കും, ഇരമ്പിയാർത്ത ഈ ജനാരവത്തിന് മുന്നിൽ. അത് വെറും പ്രകടനമല്ല, എതിർപ്പുകളുടെ കരുത്തറിഞ്ഞ് ഹൃദയൈക്യത്തോടെ പടുത്തുയർത്തിയ പ്രതിരോധത്തിന്റെ വൻമതിലുകളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയുടെ തൃശൂർ നന്തിക്കരയിലെ ആദ്യ സ്വീകരണകേന്ദ്രം മുതൽ പര്യടനം സമാപിച്ച എറണാകുളം ജില്ലയിലെ പറവൂരിൽവരെ കേൾക്കാമായിരുന്നു കരുത്തിന്റെ ആ കടലിരമ്പം.
ഉച്ചയോടെ തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് ജാഥ എറണാകുളം ജില്ലാ അതിർത്തിയായ അങ്കമാലി പൊങ്ങത്തെത്തിയത്. രാവിലെ ഇരിങ്ങാലക്കുടയിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കുശേഷം പുതുക്കാട് മണ്ഡലത്തിലെ നന്തിക്കരയുടെ ആവേശത്തിലേക്ക് ജാഥയെത്തി. സ്ത്രീകളടക്കം ആയിരങ്ങൾ സ്വീകരണകേന്ദ്രത്തിൽ കാത്തുനിന്നിരുന്നു. 800 ചെറുകിട സംരംഭങ്ങൾ ഉയർന്ന മണ്ഡലത്തിലെ നിരവധി സംരംഭകർ ജാഥയെ വരവേൽക്കാൻ എത്തി.
ചാലക്കുടിയിലെത്തുമ്പോൾ ആയിരങ്ങൾ ജാഥയെ അഭിവാദ്യം ചെയ്യാനെത്തി. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സ്മൃതിമണ്ഡപത്തിൽ ജാഥാ ക്യാപ്റ്റൻ പ്രണാമം അർപ്പിച്ചു. തൃശൂരിലെ പര്യടനം പൂർത്തിയാക്കി ജാഥ ചാലക്കുടി പുഴ കടക്കുമ്പോൾ ജാഥയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളുമായി പൊങ്ങം ഉത്സവാവേശത്തിലായിരുന്നു. പകൽ മൂന്നോടെ പൊങ്ങത്തെത്തിയ ജാഥയെ വരവേറ്റ് ആദ്യ സ്വീകരണകേന്ദ്രമായ സിഎസ്എ മൈതാനത്തേക്ക് ആനയിച്ചു. ചുവപ്പുസേനാ ബാൻഡും ഇരുചക്രവാഹനങ്ങളും ചെണ്ടമേളവും അകമ്പടിയായി.
പട്ടണഹൃദയത്തിലൂടെയുള്ള ജാഥാപ്രയാണം അങ്കമാലിയിലെ പെരുന്നാൾദിനങ്ങളെ ഓർമിപ്പിക്കുന്നതായി. പാതയോരങ്ങളിൽ ആയിരങ്ങളെ സാക്ഷിയാക്കി നാടൻകലാരൂപങ്ങളും കാവടിഘോഷയാത്രയും അരങ്ങുകൊഴുപ്പിച്ചു. ചെണ്ടമേളവും നാസിക് ഡോളും മുഴങ്ങി. മുത്തുക്കുടയെടുത്ത് വനിതകൾ പാതയോരങ്ങളിൽ നിരന്നു. നിറഞ്ഞുകവിഞ്ഞുകഴിഞ്ഞിരുന്ന സിഎസ്എ മൈതാനത്തെ കൂറ്റൻ പന്തലിലേക്ക് ജാഥാക്യാപ്റ്റനെത്തുമ്പോൾ 1000 കണ്ഠങ്ങളിൽനിന്ന് ഉയർന്ന മുദ്രാവാക്യം വിളി ദിക്കുകളെ മുഴക്കി.
ആലുവ മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു രണ്ടാമത്തെ വരവേൽപ്പ്. അവിടേക്ക് ഉച്ചയോടെതന്നെ ചെറുപ്രകടനങ്ങളായി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. മതം പറഞ്ഞുള്ള മുതലെടുപ്പ് അനുവദിക്കില്ലെന്നതിന്റെ പ്രഖ്യാപനമായി ന്യൂനപക്ഷവിഭാഗങ്ങളിലെ വനിതകൾ ഒഴുകിയെത്തിയതും ശ്രദ്ധേയമായി. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കിടപ്പാടത്തിന് പട്ടയം ലഭിച്ചവരും കലാകാരന്മാരുമടക്കം ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദന് ഹൃദയാഭിവാദ്യമേകി.
പാലിയം പോരാട്ടത്തിന്റെ സ്മരണകളിരമ്പുന്ന പറവൂരിന്റെ മണ്ണിലേക്ക് ജാഥയെത്തുമ്പോൾ പട്ടണഹൃദയം ജനനിബിഡമായിരുന്നു. കോടതി പരിസരത്തുനിന്ന് ജാഥയെ വരവേറ്റു. ബാൻഡ് മേളത്തിന്റെ താളത്തിനൊപ്പം പുരുഷ-, വനിതാ ചുവപ്പുസേന ചുവടുവച്ചു. ചെങ്കൊടിയേന്തി നൂറുകണക്കിന് പ്രവർത്തകരും അണിനിരന്നു. പഞ്ചവാദ്യം, ചെണ്ടമേളം, കാവടിയാട്ടം, തെയ്യം എന്നിവയുടെ അകമ്പടി സായാഹ്നത്തിന് ഉത്സവപ്രതീതിയായി.