തിരുവനന്തപുരം> ഡിജിറ്റൽ റീസർവേ രണ്ടു മാസം പിന്നിട്ടപ്പോൾ 15,111 ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞതായി റവന്യുമന്ത്രി കെ രാജൻ. രാജ്യത്ത് കേരളത്തിൽ മാത്രമാണ് സമ്പൂർണ ഡിജിറ്റൽ ഭൂസർവേ നടക്കുന്നതെന്നും ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒരു വീട്ടിൽ ഒരാളെയെങ്കിലും റവന്യൂ സാക്ഷരരാക്കുക ലക്ഷ്യമിട്ടുള്ള ‘റവന്യൂ ഇ–- സാക്ഷരത’ പദ്ധതിക്ക് ഈ വർഷം തുടക്കമാകും. നൂറുദിന പരിപാടിയുടെ ഭാഗമായി 15 വില്ലേജിൽ ‘എന്റെ ഭൂമി’ ഇന്റഗ്രൽ പോർട്ടൽ നിലവിൽവരും. ഭവന നിർമാണ ബോർഡ് വിവിധ പദ്ധതികളിലായി ഏഴുലക്ഷത്തിലധികം പേരുടെ സ്വപ്നം സാക്ഷാൽക്കരിച്ചു. 142 ഇടത്താലായി 127 ഏക്കർ സ്ഥലം ബോർഡിന് സ്വന്തമായുണ്ട്.
എറണാകുളം മറൈൻ ഡ്രൈവിൽ 3200 കോടി മുതൽമുടക്കിൽ 18 എക്കർ ഭൂമിയിൽ പിപിപി മാതൃകയിൽ ആയുർ ഹബ് കം ഓക്സിജൻ സിറ്റി ആരംഭിക്കും. എരുമേലിയിലെ ആറര ഏക്കറിൽ ഡിവോഷണൽ ടൂറിസം ഹബ്ബും ഇടുക്കി വാഴത്തോപ്പിൽ ഡോക്ടേഴ്സ് റസിഡൻസ്, സ്റ്റുഡന്റ്സ് ഹോസ്റ്റലുകൾ എന്നിവയും ആരംഭിക്കും. മെഡിക്കൽ കോളേജുകളോട് ചേർന്ന കൂട്ടിരുപ്പുകാർക്കായി ‘ആശ്വാസ വീട്’ പദ്ധതി നടപ്പാക്കും. പ്രവാസികളുടെ പ്രശ്നങ്ങൾമാത്രം കൈകാര്യം ചെയ്യാൻ ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നോഡൽ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.