തൃശൂർ> മലയാളത്തിന്റെ ജനകീയ നടനായിരുന്ന കലാഭവൻ മണിക്ക് ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന്റെ പ്രണാമം. കലാഭവൻ മണിയുടെ ഏഴാമത് ചരമ വാർഷിക ദിനത്തിലാണ് സിപിഐ എം ജാഥ മണിയുടെ ജന്മനാടായ ചാലക്കുടിയിലെത്തിയത്. ജാഥാ സ്വീകരണശേഷം എം വി ഗോവിന്ദൻ മണിയുടെ വീടായ മണിക്കൂടാരത്തിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രണാമം അർപ്പിച്ചു.
മണി സ്ഥാപിച്ച കലാഗൃഹത്തിലുമെത്തി. മണിയുടെ പ്രതിമയിൽ എം വി ഗോവിന്ദൻ പുഷ്പാർച്ചന നടത്തി. മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെയും കണ്ട് സ്നേഹാന്വേഷണം നടത്തി. ജനകീയ കലാകാരനും മികച്ച ഗായകനുമായിരുന്ന മണി ഇടതുപക്ഷ ആശയം സദാ മനസ്സിൽ സൂക്ഷിച്ചുവെന്ന് എം വി ഗോവിന്ദൻ അനുസ്മരിച്ചു. പാവപ്പെട്ടവരെ സഹായിച്ച് സ്നേഹം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സ്മരണകൾ എന്നും നിലനിൽക്കുമെന്നും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, കെ വി അബ്ദുൾഖാദർ, ജില്ലാ കമ്മിറ്റി അംഗം ബി ഡി ദേവസി, ഏരിയ സെക്രട്ടറി കെ എസ് അശോകൻ എന്നിവരും ഒപ്പമുണ്ടായി.