അങ്കമാലി> ഒരു കൈയിൽ ഊന്നുവടിയും മറുകൈയിൽ ഭിന്നശേഷിക്കാരിയായ മകളെയും ചേർത്തണച്ച് നിൽക്കുമ്പോൾ തങ്കമ്മ കുട്ടപ്പന്റെ മനസ്സിലുണ്ടായിരുന്നത് ഒരു മോഹം മാത്രം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയ എൽഡിഎഫ് സർക്കാരിന് നന്ദിപറയണം. അതിനായാണ് മകൾക്ക് മരുന്ന് വാങ്ങിയശേഷം നേരെ അവളുമായി അങ്കമാലിയിലെ ജനകീയ പ്രതിരോധജാഥാ സ്വീകരണകേന്ദ്രത്തിൽ എത്തിയത്.
മകൾ പരിമളം ജാഥാ നായകന് നൽകാൻ ഒരു പൂവും കരുതിയിരുന്നു. ലൈഫ് ഭവനപദ്ധതിയിലൂടെ തലചായ്ക്കാൻ വീട് സ്വന്തമായവരാണ് ഈ അമ്മയും മകളും. മഞ്ഞപ്ര സൗത്തിലാണ് ഇവർ താമസിക്കുന്നത്. ഒന്നരസെന്റ് സ്ഥലത്ത് ഷെഡിലായിരുന്നു വാസം. വിഷമാവസ്ഥ മനസ്സിലാക്കി ഇവരെ ലൈഫിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇവർമാത്രമല്ല, സർക്കാരിന്റെ കരുതലിൽ വീട് ലഭിച്ച നിരവധിപേർ സ്വീകരണകേന്ദ്രങ്ങളിലെത്തി. അയ്യമ്പുഴ പഞ്ചായത്തിലെ എരപ്പ് ചീരപ്പൻ ചിറയിലെ ത്രേസ്യാമ്മ ചാക്കോ, തുറവൂർ പഞ്ചായത്ത് കിടങ്ങൂരിലെ കാത്തിലാന് തങ്കമ്മ തുടങ്ങി ലൈഫിൽ ജീവിതം തളിർത്തവർ നിരവധി.