കോയമ്പത്തുർ> ബിഹാറുകാരായ 12 തൊഴിലാളികളെ തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ തദ്ദേശ തൊഴിലാളികൾ തൂക്കിലേറ്റി എന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലെ തമിഴ്നാട്ടിൽ അതിഥിത്തൊഴിലാളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് പ്രസ്താവന നടത്തിയതോടെ ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും തൊഴിലാളികൾ ആശങ്കയിലായി. ഡിഎംകെയുടെ ഹിന്ദിവിരുദ്ധ പ്രചാരണമാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നാണ് അണ്ണാമലെ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.
തിരുപ്പൂരിലെ ടെക്സ്റ്റൈൽ മേഖലയിൽ 70 ശതമാനവും ബിഹാറിൽനിന്നുള്ളവരാണ്. കോയമ്പത്തൂരിലെ വ്യവസായ സ്ഥാപനങ്ങളിൽ 50 ശതമാനത്തിലേറെയും അതിഥിത്തൊഴിലാളികളാണ്. വിഷയം ബിഹാർ, ഝാർഖണ്ഡ് നിയമസഭകളിലും ഉന്നയിക്കപ്പെട്ടതോടെ ബിഹാർ ഗ്രാമവികസന സെക്രട്ടറി ബാലമുരളിയുടെ നേതൃത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവരുമായി ചർച്ച നടത്തി. സർക്കാർ നടപടികളിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ച ഝാർഖണ്ഡിൽനിന്നുള്ള സംഘവും കോയമ്പത്തൂർ സന്ദർശിച്ചു. അതിഥിത്തൊഴിലാളികളെ താലിബാൻ മോഡലിൽ ആക്രമിക്കുന്നുവെന്നാണ് വ്യാജപ്രചാരണം. അതിനായി വീഡിയോ കൃത്രിമമായി നിർമിച്ചു.
ഇത്തരം വ്യാജവീഡിയോകൾ യുട്യൂബ്, ഫെയ്സ് ബുക്ക് എന്നിവയിൽനിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങിയതായി തിരുപ്പൂർ ജില്ലാ പൊലീസ് മേധാവി ശശാങ്ക് സായി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ മൂന്ന് കേസ് രജിസ്റ്റർ ചെയ്തുവെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നീക്കം തുടങ്ങിയെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ബിജെപി നേതാവ് അണ്ണാമലെക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
അതിഥിത്തൊഴിലാളികൾക്കെതിരെയുള്ള നീക്കം തിരുപ്പൂരിലെ ടെക്സ്റ്റൈൽ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി ചെയർമാൻ ടി രാജ്കുമാറും സൗത്ത് ഇന്ത്യ മിൽസ് അസോസിയേഷൻ ചെയർമാൻ രവിസ്വാമിയും പ്രസ്താവനയിൽ പറഞ്ഞു. തിരുപ്പൂരിൽ അതിഥിത്തൊഴിലാളികൾ സുരക്ഷിതരാണെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വ്യവസായികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടേയും യോഗം വിളിച്ചു.