ന്യൂഡൽഹി> ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട ക്രൂര ആക്രമണം തുടരുന്നു. ഇതുവരെ 668 വീട് തകർത്തു. അമർപുർ, ചാരിലം, ഗണ്ഡച്ചേര, കമൽപുർ, കുമാർഘട്ട്, സദർ, സന്തിർ ബസാർ, ഉദയ്പുർ എന്നിവിടങ്ങളിലായി 15 സിപിഐ എം ഓഫീസ് അഗ്നിക്കിരയാക്കി. സന്തിർബസാറിൽമാത്രം ഏഴ് ഓഫീസ് തകർത്തു. സിപാഹിജാല ജില്ലയിലെ കമൽനഗറിൽ പ്രതിപക്ഷ പാർടി പ്രവർത്തകർക്ക് നേരെ വെടിയുതിർക്കാനും ശ്രമം നടന്നു. ബിജെപി പ്രവർത്തകരായ നാലുപേരെ കേന്ദ്ര സേന പിന്തുടർന്ന് കീഴ്പ്പെടുത്തി. ഇവരിൽ നിന്ന് രണ്ടു പിസ്റ്റളുകൾ കണ്ടെടുത്തു.
ഇടതുമുന്നണി, കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ രൂക്ഷമായ ആക്രമണം തുടരുന്നു. വീടുകളും പശുത്തൊഴുത്തുകളും ബിജെപി അക്രമികൾ അഗ്നിക്കിരയാക്കി. വിളകൾ കൊള്ളയടിച്ച് മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. ചിലയിടത്ത് പശുക്കളെ മോഷ്ടിച്ചു. ഇടത് പ്രവർത്തകരുടെ കടകൾ ബിജെപിക്കാർ താഴിട്ട് പൂട്ടിയതോടെ കുടുംബങ്ങളുടെ ഉപജീവനം മുട്ടി. ഗണ്ഡച്ചേരയിലെ തയ്ചക്മ ഗ്രാമത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ ബിജെപിക്കാർ തകർത്തു. ഗ്രാമവാസികളിൽ ഭൂരിഭാഗവും സിപിഐ എം പ്രവർത്തകരാണ്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ കേശബ് ദേബ് ബർമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ അഗർത്തല ജിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാഗാർഡിനും പരിക്കുണ്ട്. ചന്ദിപുരിലെ സിപിഐ എം സ്ഥാനാർഥിയായിരുന്ന കൃഷ്ണേന്ദു ചൗധരിയുടെ വീടും ബിജെപിക്കാർ തകർത്തു. ബോക്സാനഗർ മണ്ഡലത്തിൽ സിപിഐ എമ്മിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി തൊഫജ്ജൽ ഹുസൈന്റെ നേതൃത്വത്തിൽ വൻ ആക്രമണമാണ് അഴിച്ചുവിടുന്നത്.
നമ്പർ പ്ലേറ്റില്ലാത്ത കാറുകളിലും ബൈക്കുകളിലുമാണ് ബിജെപി സംഘങ്ങൾ പൊലീസിന്റെ മൗനാനുവാദത്തോടെ അഴിഞ്ഞാടുന്നത്. കടകൾ കൊള്ളയടിച്ച സംഘത്തെ പൊലീസ് സഹായിച്ചതോടെ നാട്ടുകാർ സംഘടിച്ച് തുരത്തിയോടിച്ചു. സിപാഹിജാല ജില്ലയിലും അക്രമങ്ങൾ രൂക്ഷമായി. ഇവിടെ സോനാ മുറയിൽ ഇടതുമുന്നണി പ്രവർത്തകരുടെ വീടുകൾ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. ഖോവായ് ജില്ലയിലും സംഘർഷം പടർന്നുപിടിക്കുകയാണ്. തെലിയാമുറയിലെ ശാന്തിബസാർ മാർക്കറ്റും അഗ്നിക്കിരയാക്കി. റാബിബസാറിൽ പത്തുകടയാണ് ചുട്ടെരിച്ചത്. ജുബരാജ് നഗറിൽ ബിജെപി റാലിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച വൃദ്ധയുടെ തല അടിച്ചുതകർത്തു. ഇടത്തെ കൈയും തല്ലിയൊടിച്ചു. അതിനിടെ ഉനക്കോട്ടി ജില്ലയിൽ തിപ്രമോത–-ബിജെപി സംഘർഷവും റിപ്പോർട്ട്ചെയ്തു. എട്ടുപേർക്ക് പരിക്കേറ്റു.
പ്രതിഷേധിക്കുക: സിപിഐ എം
ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം ബിജെപി അഴിച്ചുവിട്ട നിഷ്ഠുര ആക്രമണങ്ങൾക്കും ജനാധിപത്യ കശാപ്പിനും എതിരായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ എം പൊളിറ്റ്ബ്യൂറോ പാർടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു. സിപിഐ എം, ഇടതുമുന്നണി പ്രവർത്തകർക്കും ഇതര പ്രതിപക്ഷപാർടികൾക്കും നേരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെ പിബി അപലപിച്ചു. മാർച്ച് രണ്ടിനു നടന്ന വോട്ടെണ്ണലിൽ നേരിയ ഭൂരിപക്ഷത്തിൽ കടന്നുകൂടിയതിനു പിന്നാലെ ബിജെപി അക്രമപേക്കൂത്ത് നടത്തുകയാണ്. ഭരണസഖ്യത്തിന് 10 ശതമാനം വോട്ടും 11 സീറ്റും നഷ്ടപ്പെട്ടെന്ന് അംഗീകരിക്കാതെയാണ് ഈ അതിക്രമം.
സംസ്ഥാനമെമ്പാടും ആയിരത്തിലധികം ആക്രമണങ്ങളുണ്ടായി. മൂന്ന് ജീവൻ നഷ്ടപ്പെട്ടു. സിപിഐ എം, ഇടതുമുന്നണി പ്രതിനിധിസംഘത്തിന് ഗവർണറെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ, ഇത്തരം 668 സംഭവത്തിന്റെ റിപ്പോർട്ട് സംസ്ഥാന അധികൃതർക്ക് കൈമാറി.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനും ആക്രമണത്തിന്റെ ഇരകൾക്ക് വൈദ്യസഹായവും നഷ്ടപരിഹാരവും നൽകാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന അധികൃതരോട് പിബി ആവശ്യപ്പെട്ടു.
സിഐടിയു അപലപിച്ചു
ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാർടി പ്രവർത്തകർക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കും എതിരായി ബിജെപി നടത്തിവരുന്ന ആക്രമണങ്ങളെ സിഐടിയു അപലപിച്ചു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്താൻ ഘടകയൂണിയനുകളോടും അംഗങ്ങളോടും സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ അഭ്യർഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാനും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ ഇടപെടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.