കോക്സ് ബസാർ> ബംഗ്ലാദേശിലെ കോക്സ് ബസാറിൽ രോഹിൻഗ്യൻ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ബലുഖാലി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ രണ്ടായിരത്തിൽപ്പരം താല്കാലിക അഭയകേന്ദ്രങ്ങള് കത്തിനശിച്ചു. 12,000ലധികം അഭയാർഥികൾക്ക് കിടപ്പാടം നഷ്ടമായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നൂറുകണക്കിനുപേരെ കാണാതായി.
ഞായറാഴ്ചയുണ്ടായ അപകടം അട്ടിമറിയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താൽക്കാലിക ഷെൽട്ടറുകൾ തിങ്ങിനിറഞ്ഞ ക്യാമ്പിൽ പടർന്ന തീയിൽ നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇതോടെ തീ അതിവേഗം പടർന്നു.
ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് ഇവിടത്തേത്. മ്യാന്മർ സൈന്യത്തിന്റെ വംശഹത്യയിൽനിന്ന് രക്ഷതേടി പലായനംചെയ്ത പത്തുലക്ഷത്തിലധികം രോഹിൻഗ്യൻ മുസ്ലിങ്ങളാണ് ബംഗ്ലാദേശിലുള്ളത്.