ന്യൂഡൽഹി
കേന്ദ്ര ഏജൻസികളെ സർക്കാർ പ്രതിപക്ഷ പാർടികൾക്കെതിരായി ദുരുപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നാല് മുഖ്യമന്ത്രിമാരടക്കം എട്ട് പ്രതിപക്ഷ പാർടി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തെളിവില്ലാതെയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തതെന്ന് മുഖ്യമന്ത്രിമാരായ ചന്ദ്രശേഖര റാവു, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ഭഗ്വന്ത് മൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി പ്രസിഡന്റ് ശരത് യാദവ്, ഉദ്ധവ് താക്കറെ (ശിവസേന), അഖിലേഷ് യാദവ് (എസ്പി), ഫാറൂഖ് അബ്ദുള്ള (എൻസി) എന്നിവർ ഒപ്പിട്ട കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്നതിനോട് താങ്കൾ യോജിക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് കത്താരംഭിക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരായി കേന്ദ്രഏജൻസികളെ ദുരുപയോഗിക്കുന്നതിൽനിന്ന് രാജ്യം അതിവേഗം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാണ്. 2014ന് ശേഷം കേന്ദ്ര ഏജൻസികൾ കേസെടുക്കുകയും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയിട്ടുള്ളത് ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കൾക്കെതിരായാണ്. ബിജെപിയിലേക്ക് കൂറുമാറുന്ന നേതാക്കൾക്കെതിരായ കേസുകളിൽ അന്വേഷണം അവസാനിപ്പിക്കുന്നുമുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, തൃണമൂൽ നേതാക്കളായിരുന്ന സുവേന്ദു അധികാരി, മുകുൾ റോയ് തുടങ്ങിയവർ ഉദാഹരണം.
മറുവശത്ത് പ്രതിപക്ഷത്തെ കൂട്ടത്തോടെ വേട്ടയാടുന്നു. ലാലുപ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, അനിൽ ദേശ്മുഖ്, നവാബ് മാലിക്ക്, അസംഖാൻ, അഭിഷേക് ബാനർജി എന്നിവർക്കെതിരെ ബിജെപി സഖ്യകക്ഷിയെന്ന തരത്തിലാണ് കേന്ദ്ര ഏജൻസികൾ നീങ്ങിയത്. പലപ്പോഴും തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് നടപടികളെന്നതിൽനിന്ന്തന്നെ രാഷ്ട്രീയ താൽപ്പര്യം വ്യക്തമാണ്.
ഒരു പ്രത്യേക കമ്പനിക്കെതിരായ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് എൽഐസിക്കും എസ്ബിഐക്കും 78,000 കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നിട്ടും കമ്പനിക്കെതിരായി ഒരന്വേഷണവും നടത്തിയിട്ടില്ല. ഫെഡറൽ ഘടനയെ അട്ടിമറിക്കുംവിധമാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. ഗവർണർമാരുടെയും കേന്ദ്ര ഏജൻസികളുടെയുമെല്ലാം വിശ്വാസ്യത നഷ്ടമായതായും കത്തിൽ ചൂണ്ടിക്കാട്ടി.