ന്യൂഡൽഹി
ഉയർന്ന പിഎഫ് പെൻഷനുള്ള അപേക്ഷയ്ക്കൊപ്പം അനുമതിപത്രമടക്കമുള്ള രേഖകൾ ആവശ്യപ്പെടുന്നത് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പിഎഫ് കമീഷണർക്ക് കത്തയച്ചു. ഇത് സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കാണേണ്ടിവരുമെന്നും അത് അനുവദിക്കില്ലെന്നും കത്തിൽ വ്യക്തമാക്കി.
പിഎഫ് പദ്ധതിയുടെ 26(6) പ്രകാരമാണ് അനുമതിപത്രം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന പരിധിക്കപ്പുറം യഥാർഥ ശമ്പളത്തിന് ആനുപാതികമായി പിഎഫ് വിഹിതം അടയ്ക്കാൻ ഇപിഎഫ്ഒ അനുമതി നൽകിക്കൊണ്ടുള്ള രേഖയാണിത്. ഇത്തരമൊരു രേഖ ഒരു ജീവനക്കാരന്റെ പക്കലും ഉണ്ടാകില്ല. പൊതുമേഖലാ സ്ഥാപനങ്ങളടക്കം യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പിഎഫ് ഫണ്ടിലേക്ക് അടയ്ക്കാറുണ്ട്. രാജ്യത്തെ എല്ലാ ഇപിഎഫ്ഒ ഓഫീസുകളും ഉയർന്ന വിഹിതം കാലങ്ങളായി സ്വീകരിക്കുന്നതുമാണ്. ഓരോ മാസവും ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ഈ ഉയർന്ന തുക പ്രതിഫലിക്കും. ഈ സാഹചര്യത്തിൽ പ്രത്യേകം അനുമതിപത്രം ആവശ്യമില്ല.
കൂടാതെ, മറ്റൊരുപാട് സമ്മതപത്രങ്ങളിലും ജീവനക്കാർ ഒപ്പിടേണ്ടതുണ്ട്. പിഎഫ് പദ്ധതിയിൽ പറയുന്ന ഫോർമുല പ്രകാരം പെൻഷൻ കണക്കാക്കുന്നതിനോട് എതിർപ്പില്ല, പദ്ധതിയിൽ ഏതുസമയവും മാറ്റം വരുത്താൻ കേന്ദ്രത്തിനുള്ള അധികാരം അംഗീകരിക്കുന്നു തുടങ്ങിയ സമ്മതപത്രങ്ങൾ ഉദാഹരണമാണ്. ഇതെല്ലാം അനാവശ്യ നടപടിക്രമങ്ങളും ഉയർന്ന പെൻഷന് അപേക്ഷിക്കുന്നതിൽനിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഇപിഎഫ്ഒ സൈറ്റിൽ ലഭ്യമാക്കിയ ലിങ്കിൽനിന്ന് അനാവശ്യ നിർദേശങ്ങളെല്ലാം ഒഴിവാക്കണമെന്നും തപൻ സെൻ ആവശ്യപ്പെട്ടു.