കണ്ണൂർ
ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത ചിത്രീകരിക്കാൻ അടിസ്ഥാനമാക്കിയത് പോക്സോ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ. മുംബൈയിലായിരുന്നപ്പോൾ ഒമ്പതാംക്ലാസുകാരിയായ മകളെ പീഡിപ്പിച്ചതിന് മഹാരാഷ്ട്രയിലെ ഖർകർ പൊലീസ് അറസ്റ്റുചെയ്ത അഛന്റെ വാക്കുദ്ധരിച്ചായിരുന്നു വ്യാജവാർത്തയെന്നാണ് തെളിഞ്ഞത്. മുംബൈ സ്വദേശിനിയായ ഭാര്യ നൽകിയ പരാതിയിലായിരുന്നു രണ്ടുവർഷംമുമ്പ് ഇയാൾ അറസ്റ്റിലായത്. പോക്സോ കേസായതോടെ ഇയാൾ മകൾക്കൊപ്പം സ്വദേശമായ കണ്ണൂരിലെത്തി. കേസിന്റെ വിചാരണയാകുമ്പോഴേക്കും മകളെ സ്വാധീനിച്ച് കേസിൽനിന്ന് തലയൂരുകയായിരുന്നു ലക്ഷ്യം. ഇതിനായി പെൺകുട്ടിയെക്കൊണ്ട് മയക്കുമരുന്ന് നൽകി സഹപാഠി പീഡിപ്പിച്ചെന്ന തരത്തിൽ മാധ്യമങ്ങളോട് പറയിപ്പിച്ചു. മറ്റു 11 വിദ്യാർഥിനികളെയും പീഡിപ്പിച്ചുവെന്നും വെളിപ്പെടുത്തി. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സംഭവം അന്വേഷിച്ചപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് തെളിഞ്ഞു. ബാലാവകാശ കമീഷന്റെ അന്വേഷണത്തിലും പരാതി വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ജൂലൈയിലാണ് ഈ കള്ളക്കഥ പ്രചരിപ്പിച്ചത്. ഇതറിഞ്ഞ് പെൺകുട്ടിയുടെ അമ്മ കണ്ണൂരിലെത്തിയപ്പോൾ ഇയാൾ കണ്ണൂരിൽനിന്നും മുങ്ങി.
ഈ കള്ളക്കഥ ആസ്പദമാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് സ്ഥാപനത്തിലെ ഉന്നതരുടെ ഒത്താശയോടെ, കേരളം മയക്കുമരുന്നിന്റെ പിടിയിലെന്നുവരുത്താൻ വ്യാജ വീഡിയോ നിർമിച്ചത്. മറ്റൊരു വിദ്യാർഥിനിയെ സ്കൂൾ യൂണിഫോമിൽ ഇരുത്തി ജൂലൈയിൽ ചിത്രീകരിച്ച വീഡിയോയിലെ ശബ്ദം അതിനൊപ്പം ചേർത്ത് അവതരിപ്പിക്കുകയായിരുന്നു.