ല്യം
തൃശൂർ
കേരളത്തിലെ പ്രധാന വാർത്താചാനൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് നടത്തിയ വ്യാജവാർത്താ നിർമിതിയെക്കുറിച്ച് പ്രതിപക്ഷം അഭിപ്രായം പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൗനം പാലിക്കുന്നത് വ്യാജവാർത്താ നിർമിതിയെ അനുകൂലിക്കുന്നതിന് തുല്ല്യമാണ്. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം ദുർബലമാകൽ തീവ്രഹിന്ദുത്വ ഫാസിസ്റ്റുകളുടെ ആഗ്രഹമാണ്. അതിനാണ് പ്രമുഖ വാർത്താചാനലും ശ്രമിക്കുന്നത്. വ്യാജവാർത്തകൾ വ്യാജ സംവാദത്തിനും വ്യാജരാഷ്ട്രീയത്തിനും അതുവഴി വ്യാജ ജനാധിപത്യത്തിനും വഴിവയ്ക്കും. എസ്എഫ്ഐയുടെ പ്രതിഷേധത്തെ എല്ലാ മാധ്യമങ്ങളും പത്രപ്രവർത്തക യൂണിയനും പ്രതിപക്ഷവും അപലപിച്ചു. എന്നാൽ, എന്തിനാണ് എസ്എഫ്ഐ പ്രതിഷേധിച്ചത് എന്ന് ഒരുവരിപോലും പറഞ്ഞില്ല. വ്യാജവാർത്തകളുടെ ലോകത്ത് ബലിയാടാക്കപ്പെടുന്നത് സത്യമാണ് എന്ന ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകൾ ഇവിടെയാണ് പ്രസക്തമാവുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതുപോലെ ക്രൈസ്തവരുടെ പിന്തുണയോടെ കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്ന പറയുന്ന പ്രധാനമന്ത്രി, നൂറോളം റിട്ട. സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ നിവേദനം സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറാകണം. രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ അവസാനപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നാണ് അവർ പറഞ്ഞത്. മതപരിവർത്തനം നടത്തുന്നുവെന്ന് പറഞ്ഞാണ് ക്രിസ്ത്യാനികളെ വേട്ടയാടുന്നത്. 1951ലെ സെൻസസ് പ്രകാരം 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യ. 75 വർഷംകൊണ്ട് ഇതിൽ എന്തുവർധനയാണ് ഉണ്ടായിരിക്കുന്നത് എന്ന് പറയാൻ ആർഎസ്എസും ബിജെപിയും തയ്യാറാകണം. ദളിത് ക്രൈസ്തവർക്ക് സംവരണം നൽകുന്നതിനെയും ആർഎസ്എസ് എതിർക്കുന്നു.
മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കും മുമ്പേ പാഠപുസ്തകവും യൂണിഫോമും അരിയും ഒന്നിച്ചു നൽകാനുള്ള സർക്കാർ തീരുമാനം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.