ന്യൂഡൽഹി
തെരഞ്ഞെടുപ്പിൽ 13 സീറ്റ് നേടിയ പ്രാദേശിക കക്ഷി തിപ്രമോതയുമായി കൈകോർക്കാൻ സന്നദ്ധമാണെന്ന് ബിജെപി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്കായി അഗർത്തലയിൽ എത്തിയ സംസ്ഥാനത്തിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ്മ, തിപ്രമോതയുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
തിപ്രാലാൻഡ് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന ബിജെപി വാഗ്ദാനം തിപ്രമോത തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ തള്ളി. മാന്യമായി ക്ഷണിച്ചാൽ ചർച്ചയ്ക്ക് പോകുമെന്നും എന്നാൽ തിപ്രലാൻഡ് എന്ന ആവശ്യത്തിൽ ഭരണഘടനപരമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ തിപ്രമോതയിൽനിന്ന് രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.