ന്യൂഡൽഹി
ത്രിപുരയിൽ ബുധനാഴ്ച സത്യപ്രതിജ്ഞ പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രിയെ ഉറപ്പിക്കാനാകാതെ ബിജെപി. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന മണിക് സാഹയെ വെട്ടാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് പക്ഷവും മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് പക്ഷവും കച്ചമുറുക്കിയതോടെ ബിജെപിയിൽ കൂട്ടക്കുഴപ്പം.
ത്രിപുരയുടെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വസർമ ഞായറാഴ്ച വൈകിട്ട് ഡൽഹിയിലെത്തി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സാഹചര്യങ്ങൾ ധരിപ്പിച്ചു. ശനിയുംഞായറുമായി ഹിമന്ദ, മണിക് സാഹയടക്കമുള്ള നേതാക്കളുമായും എംഎൽഎമാരുമായും ചർച്ച നടത്തിയെങ്കിലും മുഖ്യമന്ത്രിയെ സംബന്ധിച്ചോ മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ചോ തീരുമാനമെടുക്കാനായില്ല.
ഗവർണർ സത്യദേവ് നരേൻ ആര്യക്ക് വെള്ളിയാഴ്ച രാജി നൽകിയ സാഹ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാത്തത് ചേരിപ്പോര് കടുത്തതിന്റെ തെളിവായി. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ സാഹ ബിപ്ലവിനെ അട്ടിമറിച്ചാണ് കഴിഞ്ഞ മേയിൽ മുഖ്യമന്ത്രിയായത്. ഇതിന്റെ പ്രതികാരം തീർക്കാൻ ബിപ്ലവ് പക്ഷം പ്രതിമ ചേരിക്കൊപ്പം ചേർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. 1991 മുതൽ ബിജെപിയിലുള്ള പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുന്നത് സ്ത്രീശാക്തീകരണ സന്ദേശം നൽകുമെന്ന് അവരുടെ അനുകൂലികൾ വാദിക്കുന്നു. പടിഞ്ഞാറൻ ത്രിപുര ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രതിമ നിലവിൽ കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയാണ്. ധൻപുരിൽനിന്നാണ് നിയമസഭിലെത്തിയത്. അതേസമയം, മണിക് സാഹയെ മുഖ്യമന്ത്രിയാക്കി പ്രതിമയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി പ്രശ്നപരിഹാരത്തിനും ശ്രമമുണ്ട്. അമിത് ഷായുടെയും മോദിയുടെയും പിന്തുണ സാഹയ്ക്കാണ്.
ബിപ്ലവ് പക്ഷ നേതാവ് രാജിവച്ചു
ബനമാലിപുർ മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാർജിയെ തോൽപ്പിക്കാൻ നേതൃത്വം നൽകിയ ബിപ്ലവ് ദേബ് പക്ഷ നേതാവ് രാജിവച്ചു.
മണ്ഡലം പ്രസിഡന്റ് ദീപക് കർ ആണ് രാജിവച്ചത്. ബിജെപി ശക്തികേന്ദ്രമായ ഇവിടെ മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് 2018ൽ പന്ത്രണ്ടായിരത്തിൽപ്പരം വോട്ടിന് ജയിച്ചിരുന്നു. എന്നാൽ, ഇത്തവണ ഭട്ടാചാർജി കോൺഗ്രസിന്റെ ഗോപാൽ ചന്ദ്ര റോയിയോട് 1369 വോട്ടിന് തോറ്റു.