ന്യൂഡൽഹി
മേഘാലയയിൽ രണ്ട് എംഎൽഎമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് നിയുക്ത മുഖ്യമന്ത്രി കോൺറാഡ് സാങ്മയോട് ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് ഏണസ്റ്റ് മാവ്റിയാണ് ആവശ്യം മുന്നോട്ടുവച്ചത്. ബിജെപിയുടെ രണ്ട് എംഎൽഎമാരും പരിചയസമ്പന്നരാണെന്നും മന്ത്രിസ്ഥാനം നൽകണമെന്നുമാണ് മാവ്റിയുടെ ആവശ്യം. എൻപിപിയുടെ കോൺറാഡ് സാങ്മ ചൊവ്വാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മേഘാലയയിൽ അധികാരം പിടിക്കാൻ എൻപിപി സഖ്യംവിട്ട് അറുപത് സീറ്റിലും മത്സരിച്ച ബിജെപിക്ക് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്. ഏറ്റവും വലിയ അഴിമതി സർക്കാരാണ് മേഘാലയയിലേതെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ ഉൾപ്പെടെ ആക്ഷേപിച്ചത്. തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതിന് പിന്നാലെ സർക്കാരിന്റെ ഭാഗമാകാൻ ബിജെപി നീക്കമാരംഭിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി ഭീഷണിപ്പെടുത്തിയതോടെ സാങ്മ വഴങ്ങി.