തൃശൂർ
നൂറ്റിമൂന്നാം വയസ്സിലും ശാരീരിക ബുദ്ധിമുട്ടുകൾ ആ വന്ദ്യവയോധികന് തടസ്സമായില്ല. സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദനെ പൊന്നാട അണിയിച്ചപ്പോൾ അത് സാംസ്കാരിക ജില്ലയുടെ അടയാളപ്പെടുത്തലായി മാറി.
തൃശൂർ രാമനിലയത്തിൽ മുകൾനിലയിലേക്ക് തളരാത്ത മനസ്സുമായി ചുവടു വച്ച് കയറി, പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച വേദിയിലെത്തിയാണ് ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചത്. മഹാഗുരുനാഥനു മുന്നിൽ ശിഷ്യനെന്നപോലെ എം വി ഗോവിന്ദൻ ആ സ്നേഹം ഏറ്റുവാങ്ങി.
നാടിന്റെ നന്മയ്ക്കും വികസനത്തിനും സിപിഐ എം നയിക്കുന്ന ജാഥ വഴിതുറക്കുമെന്ന പ്രതീക്ഷയാണ് പ്രചോദനമായതെന്ന് ചിത്രൻ നമ്പൂതിരിപ്പാട് ദേശാഭിമാനിയോട് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പന്തിഭോജനത്തിൽ ചിത്രൻ നമ്പൂതിരിപ്പാട് പങ്കെടുത്തിട്ടുണ്ട്. സ്വസമുദായത്തിലെ എതിർപ്പ് അവഗണിച്ച് വി ടിയുടെ ആശയങ്ങളുമായി ചേർന്നുനിന്നു. കെ ദാമോദരൻ വഴി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പതിനൊന്നാം വയസ്സിൽ ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുക്കുന്ന കെ കേളപ്പനേയും എ കെ ജിയെയും കാണാനെത്തിയിട്ടുണ്ട്.ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയപ്പോൾ അതിന് പിന്തുണയേകി സ്വന്തം മനവക സ്കൂളും ഭൂമിയും സർക്കാരിനെ ഏൽപ്പിച്ചു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു പി ചിത്രൻ നമ്പൂതിരിപ്പാട്. നൂറ്റിയൊന്നാം വയസ്സിലുൾപ്പെടെ 33 തവണ ഹിമാലയ യാത്ര നടത്തിയിട്ടുണ്ട്.