തൃശൂർ
‘‘ജനങ്ങളുടെ കണ്ണീരിന്റേയും വേദനയുടേയും വിലയറിഞ്ഞ്, അവർക്ക് ആശ്വാസമേകുന്ന ഈ പാർടിയുടെകൂടെ മരണംവരേയും ഞങ്ങളുണ്ടാകും സഖാവേ ’’ മുബീനയുടെ വാക്കുകൾ ത്രസിപ്പിക്കുന്ന ഒരു മുദ്രാവാക്യംപോലെ സദസ്സ് ഏറ്റെടുത്തു. ആയിരക്കണക്കിന് കൈകൾ ആകാശത്തുയർന്നു. ആവേശക്കൊടുമുടിയിൽ കയറി അവർ വിളിച്ചു ‘രക്തസാക്ഷി മരിക്കുന്നില്ല’. ജനകീയ പ്രതിരോധ ജാഥയ്ക്ക് പൂവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണസമ്മേളനമാണ് വികാരവിക്ഷുബ്ധമായ രംഗത്തിന് സാക്ഷ്യമായത്.
ആർഎസ്എസുകാർ അരുംകൊലചെയ്ത മുജീബ് റഹ്മാന്റെ വിധവയാണ് മുബീന മുജീബ് റഹ്മാൻ. വേദിയിൽ ജാഥാക്യാപ്റ്റനോടാണ് മുബീന അങ്ങേയറ്റം വികാരനിർഭരമായ വാക്കുകൾ പറഞ്ഞത്. ഗോവിന്ദൻ മാഷ് മുബീനയെയും മകൻ എം എം നിഹറാസിനെയും ചേർത്തുനിർത്തി. പ്രിയപ്പെട്ടവൻ വിട്ടുപിരിഞ്ഞ് 17 വർഷം പിന്നിട്ടിട്ടും സിപിഐ എമ്മിനെ കൂടുതൽ നെഞ്ചോടുചേർത്തുപിടിക്കുകയാണ് ഈ കുടുംബം. മുജീബിന്റെ കുടുംബം വേദിയിലെത്തിയെന്ന മൈക്ക് അനൗൺസ്മെന്റ് കേട്ടയുടനെ മുദ്രാവാക്യങ്ങൾ സമ്മേളനനഗരിയിൽ അലയടിച്ചു. മുജീബിന്റെ സഹോദരൻ എം കെ ഫൈസൽ, മകൻ മുഹമ്മദ് അയാൻ എന്നിവരും വേദിയിൽ ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. മുജീബ് റഹ്മാൻ കൊല്ലപ്പെടുമ്പോൾ എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന നിഹറാസ് ഇപ്പോൾ വെന്മേനാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മുല്ലശേരി സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് മുബീന.
2006 ജനുവരി 20നാണ് മുജീബ് റഹ്മാനെ ആർഎസ്എസുകാർ വെട്ടി വീഴ്ത്തിയത്. ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന മുജീബിനെ പിന്തുടർന്നെത്തി വെട്ടി നുറുക്കുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ പാറക്കല്ലുകൊണ്ട് മുജീബിന്റെ തലതകർത്ത് മരണം ഉറപ്പാക്കി. ഒമ്പതു വർഷത്തിനുശേഷം, 2015 മാർച്ച് ഒന്നിന് മുജീബിന്റെ ജ്യേഷ്ഠസഹോദരൻ ഷീഹാബുദ്ദീനെയും ആർഎസ്എസ് ക്രിമിനലുകൾ സമാനമായ രീതിയിൽ കൊലപ്പെടുത്തി