തൃശൂർ
ചെമ്പടയും പാണ്ടിയുടെ കലാശങ്ങളും കടന്നുള്ള കൊട്ടിക്കയറ്റംപോലെ ജനങ്ങളുടെ ആരവം. 24 വർഷം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാർ സിപിഐ എം ജനകീയ പ്രതിരോധ ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദനെ പൊന്നാട അണിയിച്ചപ്പോൾ മേളപ്പെരുക്കംപോലെ നിറഞ്ഞ കൈയടി. സംഘാടക സമിതിക്കുവേണ്ടി ജാഥാക്യാപ്റ്റൻ പെരുവനത്തെ ഹാരമണിയിച്ചപ്പോൾ ചുവപ്പുതോരണങ്ങളുടെ അമിട്ടുകൾ വിരിഞ്ഞു. നാട്ടിക മണ്ഡലത്തിലെ ചേർപ്പിലെ സ്വീകരണത്തിന് പെരുവനം മേളച്ചന്തം.
ജാഥ കേവലം പ്രഭാഷണങ്ങൾക്കപ്പുറം ജനങ്ങളുമായി നേരിട്ട് സംവദിച്ചാണ് മുന്നേറ്റം. ഓരോ കേന്ദ്രത്തിലും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീകളുടെ പങ്കാളിത്തം. സാംസ്കാരിക നായകരും ഐക്യദാർഢ്യമേകുന്നു. രക്തസാക്ഷി കുടുംബങ്ങളേയും മുതിർന്ന പാർടി പ്രവർത്തകരേയും നാടിന്റെ കലാകാരന്മാരേയും കേന്ദ്രങ്ങളിൽ ആദരിച്ചു. കാവടിയും വാദ്യങ്ങളുമെല്ലാമായി ഉത്സവംപോലെ സ്വീകരണം മാറി.
ഞായറാഴ്ചയിലെ ആദ്യകേന്ദ്രം മണലൂർ മണ്ഡലത്തിലെ പുവത്തൂരായിരുന്നു. കർഷകരുൾപ്പെടെ വൻജനക്കൂട്ടമാണ് സ്വീകരിക്കാനെത്തിയത്. ചുവന്ന സമരഭൂമികയായ അന്തിക്കാടിന്റെ വീഥികളിൽ, ജനങ്ങൾ കാത്തുനിന്ന് അഭിവാദ്യമേകി. ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ രക്തസാക്ഷികളുടെ ചുടുനിണം ഒഴുകിയ ഭൂമികയിലൂടെയാണ് ചേർപ്പിലെത്തിയത്. കയ്പമംഗലം മണ്ഡലത്തിലെ മതിലകത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വൻജനാവലി സ്വീകരിക്കാനെത്തി.
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ മാളയിൽ നൽകിയ സ്വീകരണം നാട്ടുകലാകാരന്മാരുടെ കലാസന്ധ്യയായി മാറി. സ്വീകരണകേന്ദ്രത്തിനു മുന്നിൽ ചായക്കടയിൽ ചുടുചായ കഴിച്ച് രാഷ്ട്രീയം പറയാം. വാദ്യകലയുടെ നാടായ ഇരിങ്ങാലക്കുടയിൽ സിപിഐ എം മുന്നേറ്റം വ്യക്തമാക്കുംവിധം മഹാപ്രവാഹമായിരുന്നു. സ്വീകരിക്കാൻ റോബോട്ട് ആനയെത്തിയത് കൗതുകമായി. ജാഥാക്യാപ്റ്റനു പുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക് സി തോമസ് എന്നിവർ സംസാരിച്ചു.