കണ്ണൂർ
കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം പകുതിയായി കുറച്ചു. 2020ൽ ആരംഭിച്ച ജീവൻ ദീപം ഒരുമ പദ്ധതിയിലാണ് അയൽക്കൂട്ടം അംഗങ്ങളുടെ പ്രയാസം പരിഗണിച്ച് പ്രീമിയം തുക 375 രൂപയിൽനിന്ന് 174 ആയി കുറച്ചത്. പുതുതായി പോളിസിയിൽ ചേരാനും അവസരമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 2020ൽ ചേർന്നവരുടെ പോളിസി പുതുക്കൽ മാത്രമാണ് നടന്നിരുന്നത്.
പതിനെട്ട്–-50 പ്രായപരിധിയിലുള്ളവർക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് ഒരു ലക്ഷം രൂപയും 51–-60 വരെ പ്രായപരിധിയിൽ 45,000 രൂപയും 61 –-70 വരെ പ്രായപരിധിയിൽ 15,000 രൂപയും 71 –-74 പ്രായപരിധിയിൽ 10,000 രൂപയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. 18–-50 പ്രായപരിധിയിലുള്ളവർക്ക് അപകടമരണമോ അപകടം കാരണം സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ 25,000 രൂപയും ലഭിക്കും. അയൽക്കൂട്ട അംഗം മരണപ്പെട്ടാൽ കുടുംബത്തെ സഹായിക്കുക എന്നതിനൊപ്പം സാമൂഹികമായ നേട്ടവും പദ്ധതി മുന്നോട്ട് വയ്ക്കുന്നു. അംഗം മരിച്ചാൽ, സംഘമായി തുടങ്ങിയ സംരംഭത്തിന്റെ ബാധ്യതകൾ ഇല്ലാതാക്കാനും ഇൻഷുറൻസ് തുക സഹായകരമാവും. അയൽക്കൂട്ട വായ്പ കുടിശ്ശികയുണ്ടെങ്കിൽ ഇൻഷുറൻസ് തുക അയൽക്കൂട്ട ബാങ്ക് അക്കൗണ്ടിലും ബാക്കി കുടുംബത്തിനും ലഭിക്കും.
എൽഐസിയും സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ 1.91 ലക്ഷം അംഗങ്ങളുണ്ട്. 25നകം പ്രീമിയം തുക അടച്ച് 18 മുതൽ 74 വയസുവരെ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് പദ്ധതിയിൽ അംഗങ്ങളാവാം. എൻറോൾമെന്റിനായി എൽഐസി സോഫ്റ്റ്വെയറും സജ്ജമാക്കി.