തിരുവനന്തപുരം
മുൻനിലപാടുകളിൽനിന്ന് മലക്കം മറിഞ്ഞ് മലയാളം സർവകലാശാലാ താൽക്കാലിക വിസിയെ തന്നിഷ്ടത്തിൽ നിയമിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരം പ്രയോഗിച്ച് എംജി വിസി ഡോ. സാബു തോമസിനാണ് മലയാളം വിസിയുടെ ചുമതല നൽകിയത്. സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചില്ലെന്ന കാരണത്തിൽ സുപ്രീംകോടതി നടപടിയെടുത്തപ്പോൾ കേരളത്തിലെ എല്ലാ വിസിമാരെയും പുറത്താക്കാൻ ഗവർണർ ശ്രമിച്ചിരുന്നു. അതിലൊരാളാണ് രാജ്യാന്തര ശ്രദ്ധനേടിയ അക്കാദമിക് വിദഗ്ധനായ എംജി വിസി ഡോ. സാബു തോമസ്. സർക്കാർ നൽകിയ മൂന്നുപേരുടെ പാനൽ അവഗണിച്ചാണ് അതേ സാബു തോമസിന് ഇപ്പോൾ ഗവർണർ അധിക ചുമതല നൽകിയതെന്നതും ശ്രദ്ധേയം.
സാങ്കേതിക സർവകലാശാല ഇടക്കാല വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിന്റെ കൂടെ അടിസ്ഥാനത്തിലാണ് സർക്കാർ മൂന്നംഗ പാനൽ നിർദേശിച്ചത്. കേരള മുൻ പിവിസി ഡോ. പി പി അജയകുമാർ, സംസ്കൃതവിഭാഗം പ്രൊഫസർ ഡോ. ഷൈജ, സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. വത്സലൻ വാതുശേരി എന്നീ പേരുകളാണ് സർക്കാർ നൽകിയത്.
സർവകലാശാല ആക്ട് പ്രകാരം മറ്റൊരു സർവകലാശാല വിസിക്കോ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കോ ചുമതല നൽകാം. കേരള, കെടിയു, മലയാളം സർവകലാശാലകളിൽ മൂന്നുവിധം നടപടികളാണ് നിലവിൽ ഗവർണർ സ്വീകരിച്ചിരിക്കുന്നത്. അടുത്തിടെ വിവിധ കോടതികളിൽനിന്ന് ഗവർണർ തിരിച്ചടി നേരിട്ടിരുന്നു.