മുംബൈ
വനിതാ ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് 60 റണ്ണിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റണ്ണെടുത്തു. ബാംഗ്ലൂരിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 163 റണ്ണിൽ അവസാനിച്ചു.
തകർപ്പൻ ബാറ്റിങ്ങാണ് ഡൽഹിയുടെ വിജയത്തിന് വഴിയൊരുക്കിയത്. ക്യാപ്റ്റനും ഓപ്പണറുമായ മെഗ് ലാന്നിങ് 43 പന്തിൽ 72 റണ്ണടിച്ചു. 14 ഫോറാണ് ഓസീസ് താരത്തിന്റെ ബാറ്റിൽനിന്ന് ഒഴുകിയത്. ഇന്ത്യൻ ഓപ്പണറായ ഷഫാലി വർമയും നല്ലകൂട്ടായി. ഇരുവരും ഒന്നാംവിക്കറ്റിൽ 162 റണ്ണടിച്ചു. ഷഫാലി 45 പന്തിൽ 84 റൺ നേടി. അതിൽ 10 ഫോറും നാല് സിക്സറും ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്കൻ താരം മരിസന്നെ കാപ്പ് 17 പന്തിൽ 39 റണ്ണുമായി പുറത്തായില്ല. ജെമീമ റോഡ്രിഗസ് 15 പന്തിൽ 22 റൺ നേടി പിന്തുണച്ചു.
ഡൽഹിയുടെ കൂറ്റൻ സ്കോർ പിന്തുടരാനുള്ള ശേഷി ബാംഗ്ലൂരിനില്ലാതെപോയി. ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാന 23 പന്തിൽ 35 റൺ നേടി. എല്ലിസെ പെറി (31), ഹീതർ നൈറ്റ് (34) എന്നിവർക്കൊന്നും വിജയത്തിലേക്ക് ബാറ്റേന്താനായില്ല. മെഗൻ ഷൂട്ട് 19 പന്തിൽ 30 റണ്ണുമായി പുറത്താകാതെനിന്നു. ഡൽഹിക്കായി അമേരിക്കൻ പേസർ ടാരാ നോറിസ് നാല് ഓവറിൽ 29 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഡൽഹി ടീമിലുള്ള മലയാളിതാരം മിന്നു മണിക്ക് കളിക്കാൻ അവസരം കിട്ടിയില്ല.
ഗുജറാത്തിന് 169
ഐപിഎൽ വനിതാ ക്രിക്കറ്റിൽ യു പി വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺ.
ഇന്ത്യൻ ഓൾറൗണ്ടർ ഹർലീൻ ഡിയോൾ 32 പന്തിൽ 46 റണ്ണടിച്ചു. ഏഴ് ഫോറടിച്ച ഇരുപത്തിനാലുകാരിയാണ് ഗുജറാത്തിനെ ഉയർത്തിയത്. ആഷ്ലി ഗാർഡ്നർ 25 റണ്ണെടുത്തു. ഡി ഹേമലത 13 പന്തിൽ നേടിയ 21 റൺ രക്ഷയായി. അതിൽ രണ്ട് ഫോറും ഒരു സിക്സറുമടിച്ചു. ആദ്യകളി ദയനീയമായി തോറ്റ ഗുജറാത്തിനെ സ്നേഹ് റാണയാണ് നയിച്ചത്. പരിക്കേറ്റ ക്യാപ്റ്റൻ ബെത്ത് മൂണി ഇറങ്ങിയില്ല. യുപിക്കായി ദീപ്തി ശർമയും സോഫി എക്ലസ്റ്റോണും രണ്ട് വിക്കറ്റുവീതം വീഴ്ത്തി.
ഇന്ന് ഒന്നാംസ്ഥാനക്കാരായ മുംബെെ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഹമർൻപ്രീത് കൗർ നയിക്കുന്ന മുംബെെ ആദ്യ കളിയിൽ ഗുജറാത്ത് ജയന്റ്സിനെ 143 റണ്ണിന് തകർത്തിരുന്നു.