ആലപ്പുഴ
കേരളം കരളുറപ്പോടെ നേരിട്ട മഹാപ്രളയത്തിനിടെ, ഒലിച്ചുപോയൊരു നുണക്കഥ മെനഞ്ഞതും ഏഷ്യാനെറ്റ് ന്യൂസ്. ചേർത്തല തെക്കുപഞ്ചായത്ത് ആറാംവാർഡിലെ അബേദ്കർ കോളനി കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ പണപ്പിരിവെന്നായിരുന്നു അന്നത്തെ ബ്രേക്കിങ് ന്യൂസ്. 2019ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുവന്ന ഏറ്റവും വലിയ മാലിന്യമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴയിൽ ചമച്ചെടുത്ത ഈ വാർത്ത. മണിക്കൂറുകൾകൊണ്ട് തകർന്നടിഞ്ഞ വാർത്തയിലൂടെ മാധ്യമങ്ങൾ നടത്തിയ സമാനതകളില്ലാത്ത വിചാരണയുടെ ഇരയായത് കുറുപ്പംകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം എൻ എസ് ഓമനക്കുട്ടൻ.
ക്യാമ്പിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനക്കുട്ടൻ ഇവിടേക്ക് ഓട്ടോറിക്ഷയിൽ ഭക്ഷണസാധനങ്ങളെത്തിച്ചു. ഓട്ടോ വാടക കൊടുക്കാൻ കൈയിൽ പണമില്ലാതെ വന്നതോടെ തൽക്കാലമായി ക്യാമ്പിൽനിന്ന് 70 രൂപ കടംവാങ്ങി നൽകി. ഇത് ഏഷ്യാനെറ്റ് ന്യൂസ് ദുരിതാശ്വാസ ക്യാമ്പിലെ പാർടി പണപ്പിരിവാക്കി. ഏതോ ബിജെപി പ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു വാർത്തചമയ്ക്കൽ. പിന്നാലെ മറ്റ് ചാനലുകളും ബിജെപി–കോൺഗ്രസ് അണികളും നുണവാർത്ത ഏറ്റെടുത്തു. വിവാദമായതോടെ റവന്യു ഉദ്യോഗസ്ഥർ ഓമനക്കുട്ടനെതിരെ പരാതി നൽകി.
മെഡിക്കൽ എൻട്രൻസിന് തയാറെടുക്കുന്ന ഓമനക്കുട്ടന്റെ മകൾ സുകൃതിയുൾപ്പെടുന്ന കുടുംബത്തെ ഇത് മാനസികമായി വേദനിപ്പിച്ചു. യാഥാർഥ്യമറിഞ്ഞ ക്യാമ്പിലുള്ളവർ പ്രതികരിച്ചു. ഓമനക്കുട്ടനെ പിന്തുണച്ചും ചാനലുകളെ എതിർത്തും രംഗത്തെത്തി. സത്യം തെളിഞ്ഞതോടെ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓമനക്കുട്ടനോട് ക്ഷമചോദിച്ചു. കേസ് പിൻവലിച്ചു. നവമാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ വിമർശനമുയർന്നു. നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ ഏഷ്യാനെറ്റ് ന്യൂസുൾപ്പെടെ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറഞ്ഞു തലയൂരി.
കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഇന്നുതുടരുന്ന വ്യാജവാർത്ത നിർമാണരീതിയുടെ ഇരയായ ഓമനകുട്ടൻ ഇന്നും പൊതുപ്രവർത്തനത്തിലും പാർടി പ്രവർത്തനങ്ങളിലും സജീവമാണ്.