കോഴിക്കോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചിത്രീകരിച്ച കോഴിക്കോട് ഏഷ്യാനെറ്റ് റീജണൽ ഓഫീസിൽ പൊലീസ് പരിശോധന. ഞായറാഴ്ച നാലുമണിക്കൂർ നീണ്ട തെളിവെടുപ്പിൽ വ്യാജവാർത്ത സൃഷ്ടിച്ചത് ഇവിടെയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചെന്നാണ് വിവരം. ഹാർഡ്ഡിസ്കിൽനിന്ന് പലഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കിയതായും വ്യക്തമായി. കേസെടുത്തതിനെ തുടർന്നുള്ള പരിശോധന മാത്രമാണെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് എൽ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാജവാർത്തയുണ്ടാക്കിയത് കൃത്യമായ ഗൂഢാലോചനക്കുശേഷമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസെടുത്തതും പരിശോധനക്കെത്തിയതും. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസിന്റെ നേതൃത്വത്തിൽ വെള്ളയിൽ സിഐ ബാബുരാജ്, നടക്കാവ് സിഐ വി ജിബിൻ, എഎസ്ഐ ദീപകുമാർ, സിപിഒമാരായ പി ദീപു, അനീഷ്, സി സജിത എന്നിവരും സൈബർ സെല്ലിലെ ബിജിത്ത്, എൽഎ തഹസിൽദാർ സി ശ്രീകുമാർ, പുതിയങ്ങാടി വില്ലേജ് ഓഫീസർ എം സാജൻ എന്നിവരുമടങ്ങിയ സംഘമാണ് പരിശോധിച്ചത്. പത്തംഗ സംഘം രാവിലെ പത്തേമുക്കാലോടെയാണ് എഷ്യാനെറ്റ് ഓഫീസിലെത്തിയത്. മാധ്യമപ്രവർത്തകരുടെ ജോലിക്ക് തടസമുണ്ടാക്കിയില്ല. പരിശോധന ലൈവായി ഏഷ്യാനെറ്റ് സംപ്രേഷണവും ചെയ്തു. യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് പൊലീസ് എത്തിയതെന്നുള്ള കള്ള പ്രചാരണം ഇതോടെ പൊളിഞ്ഞു. ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, ബ്യൂറോ ചീഫ് സന്ദീപ്, സീനിയർ കറസ്പോണ്ടന്റ് സി ആർ രാജേഷ് തുടങ്ങിയവർ അവിടെയുണ്ടായിരുന്നു.
വ്യാജവാർത്ത ചമച്ച സംഭവത്തിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, വീഡിയോ ചിത്രീകരിച്ച കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെയാണ് കേസ്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ പോക്സോ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
പരിശോധന സ്വാഭാവിക നടപടിക്രമം
വ്യാജവാർത്ത സൃഷ്ടിച്ച കേസിൽ ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധന സ്വാഭാവിക നടപടിക്രമം മാത്രം. വ്യാജവീഡിയോ ചിത്രീകരിച്ച ഏഷ്യാനെറ്റ് റീജണൽ ഓഫീസിൽ നടന്ന പൊലീസ് പരിശോധനയെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി വ്യാഖ്യാനിക്കാനാണ് നീക്കം.
ഞായർ പകൽ പത്തേ മുക്കാലോടെയാണ് പി ടി ഉഷ റോഡിലെ റീജിണൽ ഓഫീസിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് എൽ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായുള്ള സാധാരണ നടപടിക്രമമാണെന്ന് ഉദ്യോഗസ്ഥർ ഓഫീസിലുള്ളവരെ അറിയിച്ചിരുന്നു. പരിശോധനയുമായി എഷ്യാനെറ്റ് ഓഫീസിലുള്ളവരും സഹകരിച്ചു. ഏഷ്യാനെറ്റ് റെസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, ബ്യൂറോ ചീഫ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ലൈവായി സംപ്രേഷണം ചെയ്തു. സംഘം മടങ്ങിയതോടെ പരിശോധനയെ റെയ്ഡായി ചിത്രീകരിച്ചായിരുന്നു മാധ്യമ ലഹള. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചും വരുതിയിലാക്കുന്ന ഫാസിസവും കേസന്വേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണവും സമാനമാണെന്ന് സ്ഥാപിക്കാനാണ് ആസൂത്രിത ശ്രമം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള പരിശോധനയെന്നും വാർത്തകൾ വന്നു. പി ടി ഉഷ റോഡിൽ ‘യുദ്ധസമാനമായ അന്തരീക്ഷം’ പോലുള്ള കഥകൾ പിറന്നു. മുതിർന്ന മാധ്യമപ്രവർത്തകരും ഏഷ്യാനെറ്റിലെ മുൻ മാധ്യമപ്രവർത്തകരും സാംസ്കാരിക നായകരുമെല്ലാം രംഗത്തെത്തിയിട്ടും വ്യാജവാർത്തയുണ്ടാക്കിയതിനെയും അവാസ്തവം പ്രചരിപ്പിച്ചതിനെയും കുറിച്ച് ഇതുവരെ ഏഷ്യാനെറ്റ് മിണ്ടിയിട്ടില്ല.